banner

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം ലോക്‌സഭയില്‍ ആവര്‍ത്തിക്കണമെങ്കില്‍ ബൂത്ത് തലത്തിലെ പ്രവര്‍ത്തനം ശക്തിപ്പെടേണ്ടതുണ്ട്!, വോട്ടില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടിയതിലുള്ള പ്രതിഷേധം കാണാമെന്ന് കെ.മുരളീധരന്‍

കോഴിക്കോട് : പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം ലോക്‌സഭയില്‍ ആവര്‍ത്തിക്കണമെങ്കില്‍ ബൂത്ത് തലത്തിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കെ മുരളീധരന്‍ എംപി. മരണശേഷവും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടിയതിലുള്ള പ്രതിഷേധം വോട്ടില്‍ കാണാം. കഴിഞ്ഞ ഓണം പട്ടിണി ഓണം ആക്കിയ സര്‍ക്കാരിനെതിരായ വികാരവും വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.

ഏഴ് ലക്ഷം പേര്‍ക്ക് കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് ആറ് ലക്ഷം പേര്‍ക്ക് പോലും തിരുവോണത്തിന് കിറ്റ് കൊടുക്കാന്‍ പറ്റിയിട്ടില്ല. ഓണം കഴിഞ്ഞപ്പോള്‍ പിന്നെ കിറ്റ് വേണ്ടെന്ന് ചിലര്‍ തീരുമാനിച്ചു. അപമാനിക്കപ്പെട്ടത് പോലെയായിരുന്നു അവര്‍ക്ക്. കോഴിക്കോട് ജില്ലയില്‍ മൂവായിരത്തോളം പേര്‍ അത്തരമൊരു തീരുമാനത്തിലായിരുന്നു. അഴിമതി ഇല്ലാത്ത സര്‍ക്കാരാണ് തന്റേത് എന്നൊക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം മുതല്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് എ സി മൊയ്തീനെതിരായ ഇ ഡി അന്വേഷണവും അറസ്റ്റിന്റെ വക്കിലെത്തുന്ന സാഹചര്യവും ഉണ്ടായത്. സര്‍ക്കാരിനെതിരായ വികാരം കൂടി ഉണ്ടായപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഈ ഫലം ഊര്‍ജ്ജം നല്‍കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം സഹതാപ തരംഗം എന്ന് ഇടതുപക്ഷം ആവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിനെ കൊച്ചാക്കാനാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രതിഫലിച്ചു. പതിനായിരത്തിലധികം ഇടതു വോട്ടുകളും ചോര്‍ന്നു. ചാണ്ടി ഉമ്മന്റെ നാലിരട്ടി ഭൂരിപക്ഷം അത് വ്യക്തമാക്കുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഇടതു പക്ഷത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായില്ല. എം വി ഗോവിന്ദന്റെ വാക്കുകളില്‍ അത് പ്രകടമാണ്. യാഥാര്‍ത്ഥ്യം കാണാന്‍ ഇടതുപക്ഷം ശ്രമിക്കണം. സിപിഐഎം വോട്ടുകള്‍ ചോര്‍ന്നതും അവര്‍ പരിശോധിക്കട്ടെ. വിള്ളല്‍ ഉണ്ടായത് സിപിഐഎമ്മിന്റെ രാവണന്‍ കോട്ടയിലാണ്. വോട്ടുകളില്‍ കുത്തനെയാണ് ഇടിവുണ്ടായതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments