തിരുവനന്തപുരം : സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധിയില്‍ വീണ്ടും സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന് നാണക്കേടിന്റെ ഒരു കണിക പോലും ബാക്കിയില്ലേയെന്ന് എക്‌സ് സമൂഹമാധ്യമത്തിലൂടെ സുരേന്ദ്രന്‍ ചോദിച്ചു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പിഎം പോഷന്‍ പോലുള്ള പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ കെടുകാര്യസ്ഥത മൂലം നശിപ്പിക്കുകയാണെന്നും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്‌കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് കണക്കുകള്‍ സഹിതം മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ വിശദീകരിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം.
ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കരണ പദ്ധതിയായിട്ടാണ് നടപ്പിലാക്കുന്നത്. നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും കേന്ദ്രമാണ് നല്‍കേണ്ടത് എന്നിരിക്കെ 2021-22 മുതല്‍ കേന്ദ്ര വിഹിതം അനുവദിക്കുന്നതില്‍ വലിയ കാലതാമസമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നതെന്ന് ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു.
കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ പോലും മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയില്‍ കേരളത്തില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത് അധ്യാപകരുടേയും സ്‌കൂള്‍ അധികൃതരുടേയും പൊതുസമൂഹത്തിന്റേയും പിന്തുണകൊണ്ടാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കാനുള്ള തുകയുടെ വിരങ്ങള്‍ അടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പ് വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ഇതിന്റെ ആദ്യഗഡു 170.59 കോടി ലഭിച്ചാല്‍ ആനുപാതിക സംസ്ഥാന വിഹിതമായ 97.89 കോടി രൂപയുള്‍പ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക് അനുവദിക്കുവാന്‍ സാധിക്കുന്നതും അതുവഴി നവംബര്‍ വരെയുള്ള ചെലവുകള്‍ക്ക് സ്‌കൂളുകള്‍ക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.
0 Comments