banner

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസ്!, എം കെ കണ്ണനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്തു, ശരീരത്തിന് വിറയൽ ഉണ്ടെന്ന് കണ്ണൻ

കൊച്ചി : കരുവന്നൂർ കേസിൽ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ശരീരത്തിന് വിറയൽ ഉണ്ടെന്നു കണ്ണൻ പറഞ്ഞതായും ഇഡി വ്യക്തമാക്കി. കണ്ണനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല എന്നും മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇ ഡി പറഞ്ഞു.

അതേ സമയം, ഇഡിയുടെ വെളിപ്പെടുത്തല്‍ പാടെ നിഷേധിച്ചു കൊണ്ടായിരുന്നു എംകെ കണ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.  തനിക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്ന് എംകെ കണ്ണൻ വ്യക്തമാക്കി. പൂർണ്ണ ആരോ​ഗ്യവാനാണ്, ദേഹാസ്വാസ്ഥ്യമില്ലെന്നും കണ്ണൻ പറഞ്ഞു. ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു എന്നും ഇഡി എപ്പോൾ വിളിപ്പിച്ചാലും വരുമെന്നും കണ്ണൻ വിശദമാക്കി. 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്ന് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു. ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് എം കെ കണ്ണന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കരുവന്നൂർ വിഷയവുമായി ബന്ധമില്ലെന്നായിരുന്നു എം കെ കണ്ണന്‍റെ പ്രതികരണം. 

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞ തിങ്കളാഴ്ച എംകെ കണ്ണനെ ഇഡി ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിട്ടയക്കുകയായിരുന്നു. 

കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ, ബാങ്ക് മുൻ ജീവനക്കാരൻ ജില്‍സ് എന്നിവരില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എംകെ കണ്ണനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി ഒരുങ്ങുന്നത്. കണ്ണൻ പ്രസിഡന്റായ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയിരുന്നു. മുൻമന്ത്രി എസി മൊയ്തീന്റെ വിശ്വസ്തനാണ് അറസ്റ്റിലായ അരവിന്ദാക്ഷൻ.

തട്ടിപ്പില്‍ അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസില്‍ ഇനിയും പ്രതികളുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരില്‍ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സതീഷിനെ മുൻമന്ത്രി എ സി മൊയ്തീന് പരിചയപ്പെടുത്തിയത് അരവിന്ദാക്ഷനാണ്.

Post a Comment

0 Comments