തിരുവനന്തപുരം : കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്ന സാഹചര്യം നിലനിൽക്കെ സർക്കാർ മേഖലയിലെ ആശുപത്രികളും പ്രതിസന്ധിയിൽ. പദ്ധതിയിൽ ഉൾപ്പെട്ട സർക്കാർ ആശുപത്രികൾക്കും വൻ തുക കുടിശ്ശികയാണ്. 300 കോടി രൂപയിലധികം സർക്കാർ ആശുപത്രികൾക്ക് മാത്രം നൽകാനുണ്ട്. ഹൃദ്രോഗികൾക്കുള്ള സ്റ്റെന്റുകൾ മറ്റ് ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയുന്ന കമ്പനികൾക്ക് കുടിശ്ശിക നൽകാനുള്ളതിനാൽ ഇവയുടെ വിതരണം മുടങ്ങി. ശസ്ത്രക്രിയകൾ നടത്താൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മരുന്നുകൾക്കും ക്ഷാമമുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിന് 107 കോടി, കോഴിക്കോട് മെഡിക്കൽ കോളേജിന് 100 കോടി, തിരുവനന്തപുരം മെഡിക്കൽ കോളേജിന് 95 കോടി എന്നിങ്ങനെയാണ് പ്രധാന മെഡിക്കൽ കോളേജുകൾക്ക് നൽകാനുള്ളത് ഇതിനുപുറമെയാണ് മറ്റ് സർക്കാർ ആശുപത്രികൾക്കുള്ള കുടിശ്ശിക. 200 സര്‍ക്കാര്‍ ആശുപത്രികളിലും 544 സർക്കാർ ഇതര ആശുപത്രികളിലുമായിരുന്നു പദ്ധതിയുടെ സേവനം ലഭ്യമായിരുന്നത്. വൻ തുക കുടിശിക നൽകാനുള്ളതിനാൽ സർക്കാരിതര ആശുപത്രികളുടെ എണ്ണം 350 ആയി കുറഞ്ഞു.
ഒക്ടോബർ ഒന്നു മുതൽ പദ്ധതിയിൽ നിന്നും പിൻമാറുകയാണ് എന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചിട്ടുണ്ട്. മിക്ക ആശുപത്രികളും ഇത് സംബന്ധിച്ച് ബോർഡുകളും വച്ചു. സ്വകാര്യ ആശുപത്രികൾക്ക് കുടിശ്ശിക ഇനത്തിൽ 300 കോടിയോളം രൂപ നൽകാനുള്ളതിൽ 104 കോടി മാത്രമാണ് സർക്കാർ ഇതുവരെ കൊടുത്തത്. മിക്ക ആശുപത്രികൾക്കും 6 മാസം മുതൽ ഒരു വർഷം വരെയുള്ള പണം കിട്ടാനുണ്ട്. കുടിശ്ശിക മുഴുവൻ തീർക്കാതെ തീരുമാനത്തിൽ പുനരാലോചന ഇല്ലെന്ന നിലപാടിലാണ് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ.
ദരിദ്രരും ദുർബലരുമായ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് തുടങ്ങിയ സൗജന്യ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ വൻ തുക കുടിശികയായതോടെ ആശുപത്രികൾക്കൊപ്പം രോഗികളും പ്രതിസന്ധിയിലായി. പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെയുള്ള പരിരക്ഷ പദ്ധതിയിലൂടെ ലഭ്യമാണ്. ഹൃദയ ശസ്ത്രക്രിയ തൊട്ട് നിരവധി സേവനങ്ങൾ ലഭ്യമാക്കിയ പദ്ധതി ഇപ്പൊൾ ഏതാണ്ട് അവസാനിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
0 Comments