തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ന് ചോദ്യം ചെയ്യാന്‍ ഇഡിക്ക് മുന്നിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എ.സി. മൊയ്തീൻ എം.എൽ.എ ഇന്ന് ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ നിന്നും മൊയ്തീന്‍ തലയൂരിയത്. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്നാണ് മൊയ്തീന്‍ അറിയിച്ചത്. അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനു മൊയ്തീന്‍ ശ്രമം തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച തൃശൂരിലും കൊച്ചിയിലും നടത്തിയ റെയ്ഡില്‍ കൂടുതല്‍ രേഖകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം മുന്‍പില്‍ വെച്ചാകും ഇഡിയുടെ ചോദ്യം ചെയ്യല്‍. അതുകൊണ്ട് തന്നെയാണ് മൊയ്തീന്‍ ഒഴിഞ്ഞുമാറിയത്. മൊയ്തീന്റെയും, കൂടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന കൂടുതല്‍ രേഖകളുമായി ഇന്ന് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
തെളിവുകള്‍ എതിരായതിനാല്‍ അറസ്റ്റ് ഭീഷണി മൊയ്തീന്‍ ഭയക്കുന്നുണ്ട്. കരുവന്നൂരിലെ കോടികളുടെ തട്ടിപ്പിലും കള്ളപ്പണം വെളുപ്പിക്കലിലുമെല്ലാം മൊയ്തീന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. കരുവന്നൂര്‍ വായ്പാ തട്ടിപ്പുകൾക്കും, കള്ളപ്പണം വെളുപ്പിക്കലിനും സിപിഎം നേതാക്കളിൽ പലരും പങ്കാളികളായെന്നാണ് മൊഴികൾ.
തിങ്കളാഴ്ച മൊയ്തീനെ 9 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയത്. മൊയ്തീനെ പ്രതിസന്ധിയിലാക്കിയത് പാര്‍ട്ടിയില്‍ നിന്നും അകത്ത് തന്നെയുള്ള നീക്കങ്ങളാണ്. കരുവന്നൂര്‍ തട്ടിപ്പില്‍ ഇഡിയ്ക്ക് വിവരങ്ങള്‍ ലഭ്യമാക്കിയത് പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെയാണെന്ന് മൊയ്തീനും മനസിലായിട്ടുണ്ട്.
കോടികളുടെ തട്ടിപ്പിന്റെ സര്‍വവിവരങ്ങളും കള്ളപ്പണ ഇടപാടുകളുടെ വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്. മുഖ്യസാക്ഷി കെ.എ ജിജോര്‍, തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ എന്നിവരുടെ മൊഴികൾ എ.സി മൊയ്തീന് എതിരാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ്‌കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
ഈ ബാങ്ക് അടക്കം തൃശൂരിലും എറണാകുളത്തുമായി 9 ഇടത്താണ് ഇ.ഡി റെയ്ഡ് നടത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ന് ഇഡിക്ക് മുന്നിൽ എ.സി. മൊയ്തീൻ എം.എൽ.എ ഹാജരാകില്ലെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര പറഞ്ഞിരുന്നു. ഹാജരായാൽ വീട്ടിലേക്കല്ല, സതീശനൊപ്പം ജയിലിലേക്കാണ് പോകുന്നതെന്ന് മൊയ്‌തീനറിയാമെന്നുമാണ് അനിൽ അക്കര പറഞ്ഞത്.
0 Comments