banner

തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലെ ഇഡി റെയ്ഡ്!, നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകരുടെ തിരക്ക്, റെയ്ഡ് തുടരുന്നു

തൃശൂര്‍ : ഇഡി റെയ്ഡ് നടക്കുന്ന അയ്യന്തോള്‍ സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്‍റെ ഭയം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അയ്യന്തോള്‍ സഹകരണ ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തുന്നത്.

സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണൻ പ്രസിഡന്റായ ബാങ്കാണ് തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്ക്. എം കെ കണ്ണനെയും ബാങ്ക് സെക്രട്ടറിയേയും വിളിച്ചു വരുത്തിയ ശേഷമാണ് തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇഡി പരിശോധന നടത്തുന്നത്. എം.കെ.കണ്ണനിലേക്കാണ് അന്വേഷണം നീളുന്നത്.


തൃശൂർ അയ്യന്തോള്‍ സർവ്വീസ് സഹകരണ ബാങ്ക്, തൃശൂര്‍ സഹകരണ ബാങ്ക് തുടങ്ങി തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. അയ്യന്തോള്‍ സഹകരണബാങ്കിൽ നിന്നും 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാറിന്റെ തൃശ്ശൂരിലെ വീട്ടിലും പരിശോധന തുടരുകയാണ്. 18.50 കോടി വായ്പ എടുത്ത് മുങ്ങിയ അനില്‍ കുമാറിന് സഹായം ചെയ്യുന്നത് സിപിഎമ്മാണ് എന്നാണ് ഇഡി ആരോപണം.

അയ്യന്തോള്‍ സഹകരണ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തുന്നത് സഹകരണ മേഖലയെ സംബന്ധിച്ച് വിപല്‍ സൂചനകള്‍ ഉയര്‍ത്തുകയാണ്. കരുവന്നൂരില്‍ ലക്ഷക്കണക്കിന് രൂപ നിക്ഷേപം നടത്തിയവരില്‍ ഭൂരിപക്ഷത്തിനും നിക്ഷേപം തിരികെ ലഭിച്ചിട്ടില്ല. ഈ ഭീതി നിലനില്‍ക്കുന്നതിനാലാണ് അയ്യന്തോള്‍ സഹകരണ ബാങ്കിലേക്ക് നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തുന്നത്.

സഹകരണ മേഖലയെ മൊത്തം അവിശ്വാസത്തിന്റെ നിഴലിലാക്കുകയാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്. മറ്റു സഹകരണ ബാങ്കുകളിലും സമാന അവസ്ഥ എന്ന് വരുന്നത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയിൽ പറഞ്ഞത് വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്. നിക്ഷേപങ്ങള്‍ ഈ സ്ഥാപനങ്ങള്‍ക്ക് തിരികെ നല്‍കാന്‍ കഴിയുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം പത്തനംതിട്ട ജില്ലയിലെ മൈലപ്ര സഹകരണ ബാങ്കില്‍ നടന്ന 100 കോടിയുടെ തട്ടിപ്പിന്റെ പേരില്‍ ഈ ബാങ്കിലും ഇഡി റെയിഡ് നടക്കുന്നുണ്ട്.

Post a Comment

0 Comments