കൊല്ലം : സനാതന ധര്‍മ്മം സംബന്ധിച്ച പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഉദയനിധി പറഞ്ഞത് വിഡ്ഢിത്തമെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. എല്ലാ മതങ്ങളും ആചാരങ്ങളും മാനിക്കപ്പെടണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
'അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ് ഉദയനിധി സ്റ്റാലിന്‍. രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ച് വന്നയാളല്ല. എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും മാനിക്കപ്പെടണം. എല്ലാ വിശ്വാസങ്ങളുടെയും ആത്മീയചിന്തകള്‍ക്ക് പ്രാധാന്യമുണ്ട്. അവ വലിയ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. അപ്പോള്‍ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആര്‍ക്കും നല്ലതല്ല', ഗണേഷ് കുമാര്‍ പ്രതികരിച്ചു.
അതേസമയം പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിന്‍ ആവര്‍ത്തിച്ചു. ഭീഷണികള്‍ തള്ളിക്കളയുന്നു. എന്ത് നിയമനടപിയുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് സനാതന ജാതി വിവേചനത്തിന്റെ നിലവിലെ ഉദാഹരണമെന്നും ഉദയനിധി വിമര്‍ശിച്ചു.
പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെയും കര്‍ണാട മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ റാംപൂര്‍ പൊലീസാണ് കേസെടുത്തത്. അഭിഭാഷകരായ ഹര്‍ഷ് ഗുപ്ത, റാം സിംഗ് ലോദി എന്നിവരുടെ പരാതിയിലാണ് കേസ്. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ പിന്തുണച്ചതിനാണ് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് എതിരായ കേസ്.
0 Comments