banner

കൂട്ടിച്ചേര്‍ക്കാനാകാത്ത വിധം മാനസികമായി അകന്ന ദമ്പതികളെ ഒന്നിച്ചു ജീവിക്കാൻ വിടുന്നത് ക്രൂരത!, വിവാഹജീവിതത്തിലെ നിരന്തര കലഹവും പരസ്പര ബഹുമാനമില്ലായ്മയും അകല്‍ച്ചയും അനുരഞ്ജനം അസാധ്യമാക്കുന്ന ഘടകങ്ങൾ, ഉത്തരവുമായി ഹൈക്കോടതി

കൊച്ചി : കൂട്ടിച്ചേര്‍ക്കാനാകാത്ത വിധം മാനസികമായി അകന്ന ദമ്പതികളെ കോടതി നടപടികള്‍ തുടരുന്നതിന്‍റെ പേരില്‍ ഒന്നിച്ചു ജീവിക്കാൻ വിടുന്നത് ക്രൂരതയാണെന്ന് ഹൈകോടതി. വിവാഹബന്ധം പൂര്‍ണ പരാജയമായിട്ടും വിവാഹ മോചനത്തിന് അനുമതി നല്‍കാത്ത സാഹചര്യം വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിവാഹജീവിതത്തിലെ നിരന്തര കലഹവും പരസ്പര ബഹുമാനമില്ലായ്മയും അകല്‍ച്ചയും അനുരഞ്ജനം അസാധ്യമാക്കുന്ന ഘടകങ്ങളാണെന്നും കോടതി വ്യക്തമാക്കി.

വിവാഹമോചന ഹർജി തള്ളിയ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് മുകുന്ദപുരം സ്വദേശി നല്‍കിയ അപ്പീല്‍ ഹർജി അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. 2002ലാണ് ഇരുവരും വിവാഹിതരായത്. വിദേശത്തായിരുന്ന ഭര്‍ത്താവ്

തിരിച്ചെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും ഭാര്യ തന്നോട് ക്രൂരത കാട്ടുന്നുവെന്നാരോപിച്ച്‌ വിവാഹ മോചന ഹർജി നല്‍കുകയായിരുന്നു. 2011ല്‍ കുടുംബകോടതിയെ സമീപിച്ച ഹർജിക്കാരന് പ്രായം 60 കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ഒരു ദശാബ്ദത്തിലേറെയായി ഒരു വീട്ടില്‍ കഴിഞ്ഞിട്ടും ദമ്പതികള്‍ക്ക് മനപ്പൊരുത്തത്തോടെ മുന്നോട്ടു പോകാനാകുന്നില്ല. 

വിവാഹമോചനത്തിന് ഭര്‍ത്താവ് 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് സ്വീകാര്യമല്ലെന്ന നിലപാടാണ് ഭാര്യക്ക്. മാത്രമല്ല, മറ്റു ചില ആവശ്യങ്ങളും ഉന്നയിച്ചിരിക്കുന്നു. ഇരുവരും കോടതി നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കും വിധേയരാകുന്നില്ല. ഇത്തരം സംഭവങ്ങളില്‍ കക്ഷികള്‍ കോടതിയെ പരീക്ഷിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കോടതികളെ വ്യക്തികളുടെ ഈഗോയുടെ പോരാട്ടഭൂമിയാക്കുന്നത് അനുവദിക്കാനാവില്ല. കക്ഷികളുടെ ഒന്നിച്ചുള്ള ജീവിതം ഉറപ്പാക്കാനുള്ള കാരണങ്ങളൊന്നും ഈ കേസിലില്ലാത്ത സാഹചര്യത്തില്‍ വിവാഹമോചനം അനുവദിക്കുകയാണെന്ന് തുടര്‍ന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരൻ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും 10 സെന്റ് ഭൂമിയും ഭാര്യക്ക് നല്‍കണമെന്നും ഭൂമിയുടെ സ്കെച് ഒരാഴ്ചക്കകം ഹാജരാക്കണമെന്നും കോടതി ഹർജിക്കാരനോട് നിര്‍ദേശിച്ചു.

Post a Comment

0 Comments