banner

വനിതാ സംവരണ ബിൽ ഔദാര്യമല്ല!, സ്വാതന്ത്ര്യത്തിന്റെ 76 വർഷം പിന്നിട്ടിട്ടും സ്ത്രീകൾക്ക് തുല്യാവകാശം ലഭ്യമായില്ല എന്നത് ഖേദകരമാണ്, ബില്ലിനെ സിപിഐഎം പൂർണ്ണമായും പിന്തുണയ്ക്കുമെന്ന് കെ കെ ശൈലജ


തിരുവനന്തപുരം : പാർലമെന്റിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചാൽ ബില്ലിന് സിപിഐഎമ്മിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയം​ഗം കെ കെ ശൈലജ. ബിൽ ഔദാര്യമല്ല സ്ത്രീകളുടെ അവകാശമാണ്. സ്വാതന്ത്ര്യത്തിന്റെ 76 വർഷം പിന്നിട്ടിട്ടും സ്ത്രീകൾക്ക് തുല്യാവകാശം ലഭ്യമായില്ല എന്നത് ഖേദകരമാണ്. സിപിഐഎം നേരത്തെ തന്നെ വനിതാ സംവരണ ബില്ലിന് വേണ്ടി വാദിക്കുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

2008 ൽ ബിൽ പാർലമെന്റിൽ എത്തിയപ്പോൾ പല നാടകങ്ങളും കണ്ടു. അതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. ഒളിപ്പിച്ച് വെച്ച് സർപ്രൈസ് ആക്കി വെക്കേണ്ട കാര്യമൊന്നുമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ചില ഗിമ്മിക്കുകൾ കാണിക്കുകയാണ്. ബില്ലിനെ പിന്തുണയ്ക്കുമ്പോഴും തിരഞ്ഞടുപ്പ് അടുക്കുമ്പോൾ മാത്രം ഉണ്ടാവുന്ന ചുണ്ടിൽ മധുരം പുരട്ടുന്ന രീതിയാണിത്. എന്തായാലും ബില്ലിനെ പൂർണ്ണമായും സിപിഐഎം പിന്തുണയ്ക്കുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

കോൺ​ഗ്രസ് അധികാരത്തിലിരുന്നപ്പോൾ വനിത സംവരണ ബിൽ പാസാക്കാത്തതിനെ കുറിച്ച് കെ കെ ശൈലജ വിമർശിച്ചു. നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നു. അന്ന് കോൺഗ്രസ് വനിതാ സംവരണ ബിൽ പാസാക്കിയില്ല. ഇത്രയും വർഷമായിട്ട് ബിജെപിക്കും ഇത് പാസാക്കാമായിരുന്നുവെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.


വനിതാ സംവരണ ബില്ലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാനാകില്ലെന്ന് മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചറും അഭിപ്രായപ്പെട്ടു. ഒമ്പത് വർഷം ഉറങ്ങിയവർക്ക് ബിൽ പാസാക്കാൻ ഇതിന് മുമ്പേ അവസരം ഉണ്ടായിരുന്നുവെന്നും മാറ്റത്തിന് തുടക്കം കുറിക്കുമ്പോൾ വനിതാ സംഘടനകളുടെ അഭിപ്രായം തേടാമായിരുന്നുവെന്നും പി കെ ശ്രീമതി പ്രതികരിച്ചു.

നിയമനി‍ർമ്മാണ സഭകളിൽ ആനുപാതിക സംവരണമാണ് ആവശ്യമെന്ന് കെ കെ രമ എംഎൽഎ പ്രതികരിച്ചു. ചുരുങ്ങിയത് 50 ശതമാനം സംവരണമാണ് ആവശ്യം. വനിതാ സംവരണ ബിൽ നിയമമാക്കാൻ കാത്തിരിക്കുകയാണ് സ്ത്രീകൾ. സംവരണം ഇല്ലെങ്കിൽ സ്ത്രീകൾ നേതൃപദവിയിൽ എത്തില്ല. നല്ല കഴിവുള്ള സ്ത്രീകൾ സമൂഹത്തിലുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഉന്നത പദവിയിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നില്ല, പുരുഷ മേധാവിത്വമാണ് ഇതിന് കാരണമെന്നും കെ കെ രമ കുറ്റപ്പെടുത്തി.

വനിതാ സംവരണ ബില്ല് ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ പാർലമെന്റിലെ ആദ്യം അവതരിപ്പിക്കുന്ന ബില്ലാണ് വനിതാ സംവരണ ബിൽ. പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയിൽ ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.

Post a Comment

0 Comments