banner

നിപ ആശങ്ക ഒഴിയുന്നു, കണ്ടെയിന്‍മെന്റ് സോണ്‍ ഒഴിവാക്കി kzd is now without nipah panic

കോഴിക്കോട് : ജില്ലയില്‍ നിപ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ വടകര താലൂക്കിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും സോണില്‍നിന്നു ഒഴിവാക്കുന്നതായി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. അതേസമയം, പ്രദേശത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ തുടരണമെന്നും കലക്ടര്‍ വ്യക്തമാക്കി. വടകര താലൂക്കില്‍ മരണപ്പെട്ടവരുമായും നിപ പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും ഇതിനോടകം കണ്ടെത്തിയതായും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 എന്നീ വാര്‍ഡുകളിലും അധികൃതര്‍ ഇളവുകള്‍ അനുവദിച്ചു. ഇവിടങ്ങളില്‍ രാത്രി എട്ട് മണി വരെ എല്ലാ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാം. അതേസമയം, നിപ ജാഗ്രയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങള്‍ തുടരുന്നതാണ്. ആളുകള്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Post a Comment

0 Comments