banner

നെഞ്ചു വിരിച്ച് സിറാജ്...വിറപ്പിച്ച് ഇന്ത്യ!, മുട്ടുമടക്കി വീണ് ലങ്ക, ഇന്ത്യക്ക് എട്ടാം ഏഷ്യ കപ്പ് കിരീടം

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് എട്ടാം കിരീടം. കലാശ പോരാട്ടത്തില്‍ 10 വിക്കറ്റുകള്‍ക്ക് ഇന്ത്യ വിജയിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സ് ഏക പക്ഷീയമായ 6.1 ഓവറില്‍ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍ (27), ഇഷാന്‍ കിഷന്‍ (23) എന്നിവര്‍ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജാണു കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യയ്ക്കായി ആറു വിക്കറ്റുകള്‍ മുഹമ്മദ് സിറാജ് വീഴ്ത്തി. പതും നിസംഗ (നാല് പന്തില്‍ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റന്‍ ദസുന്‍ ശനക (പൂജ്യം), കുശാല്‍ മെന്‍ഡിസ് (34 പന്തില്‍ 17) എന്നിവരാണ് സിറാജിന്റെ പന്തുകളില്‍ പുറത്തായത്.

ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് 21 റണ്‍സ് മാത്രം. പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്‍നേടാന്‍ ലങ്കന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. ഈ 5 ഓവറുകളില്‍നിന്ന് താരം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകള്‍. വഴങ്ങിയത് ഒരു ബൗണ്ടറി. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് കൊളംബോയില്‍ സിറാജ് സ്വന്തം പേരിലാക്കിയത്.

ഏകദിന ചരിത്രത്തില്‍ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത് രണ്ടു താരങ്ങള്‍ മാത്രം. കുശാല്‍ മെന്‍ഡിസും (34 പന്തില്‍ 17), ദുഷന്‍ ഹേമന്ദയും (15 പന്തില്‍ 13). പതിനാറാം ഓവറിലെ അവസാന രണ്ടു പന്തുകളിലും വിക്കറ്റുകള്‍ വീഴ്ത്തി ഹാര്‍ദിക് പാണ്ഡ്യയാണ് ലങ്കയുടെ പതനം പൂര്‍ത്തിയാക്കിയത്. പാണ്ഡ്യ മൂന്നു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.

മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിക്കാന്‍ സാധിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ സ്പിന്നിനെ പിന്തുണച്ചിരുന്ന പിച്ച്, ഫൈനല്‍ ദിനം പേസര്‍മാരുടെ ഭാഗത്തേക്കു കൂറുമാറി. സിറാജിന്റെയും ബുമ്രയുടേയും ഓരോ ഓവറുകള്‍ മെയ്ഡനായിരുന്നു.


Post a Comment

0 Comments