യുഎസ് ഓപ്പണ്‍ കപ്പില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ കളിക്കാൻ കഴിയാത്തത് വലിയ നഷ്ടമായി പോയെന്ന് ഹൂസ്റ്റൻ ഡൈനാമോ മിഡ്‌ഫീല്‍ഡര്‍ ഹെക്ടര്‍ ഹെരേര.മെസി ഇന്റര്‍ മയാമിക്കായി ഫൈനലില്‍ കളിക്കില്ലെന്ന സ്ഥിരീകരണം വന്നതോടെ ഹൂസ്റ്റൻ താരങ്ങളുടെ ആത്മവിശ്വാസം വലിയ തോതില്‍ വര്‍ദ്ധിച്ചെന്നും അത്ലറ്റിക്കോ മാഡ്രിഡിന്റെ മുൻ താരമായിരുന്ന ഹെരേര പറഞ്ഞു.
“ലോകത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെ കളിക്കാൻ എല്ലാവരും ആഗ്രഹിക്കും. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. അദ്ദേഹം ഫൈനലില്‍ കളിക്കില്ലെന്ന് അറിഞ്ഞതോടെ ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്നു. ഞങ്ങളുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതായി എല്ലാവര്‍ക്കും മനസിലായി.” ഹൂസ്റ്റൻ ഡൈനാമോയുടെ പരിചയ സമ്പന്നനായ മിഡ്‌ഫീല്‍ഡര്‍ പറഞ്ഞു. മെസിയുടെ ക്വാളിറ്റി എന്താണെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. കളിയുടെ അവസാന മിനിറ്റുകളില്‍ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന താരമാണ് അദ്ദേഹം. മറ്റാരും കാണാത്ത അവസരങ്ങള്‍ മുതലാക്കി ഗോള്‍ നേടാൻ മിടുക്കനാണ് മെസി. ചെറിയ സ്‌പേസ് കണ്ടാല്‍ അത് ഉചിതമായി വിനിയോഗിക്കാൻ മെസിക്ക് കഴിയും. അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച കളിക്കാരനല്ലേ.” ഹെക്ടര്‍ ഹെരേര മാധ്യമങ്ങളോട് പറഞ്ഞു.
മെസിയും ആല്‍ബയുമില്ലാത്ത ഇന്റര്‍ മയാമി ദുര്‍ബലമായി കാണപ്പെട്ടെന്ന് ഹൂസ്റ്റൻ കോച്ച് ബെൻ ഓള്‍സനും സൂചിപ്പിച്ചു.”മെസി മൈതാനത്ത് ഇല്ലെങ്കില്‍ തീര്‍ച്ചയായും ഇന്റര്‍ മയാമി വേറൊരു ടീമാണ്. മെസിയെയും ആല്‍ബയെയും ഇന്റര്‍ മയാമിക്ക് ശരിക്കും മിസ്സായി.” ഓള്‍സൻ അഭിപ്രായപ്പെട്ടു. യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ പരിക്ക് കാരണം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ജോര്‍ഡി ആല്‍ബയും ഇറങ്ങിയിരുന്നില്ല. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമി ഹൂസ്റ്റൻ ഡൈനാമോയോട് കീഴടങ്ങിയത്.
0 Comments