ന്യൂഡല്‍ഹി : വനിതാ സംവരണ ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. ഏഴ് മണിക്കൂറാണ് ചര്‍ച്ചക്കായി അനുവദിച്ചിട്ടുള്ളത്. ഇത് പ്രധാനപ്പെട്ട ബില്‍ ആണെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍പറഞ്ഞു. ഈ ബില്‍ സ്ത്രീകളുടെ അന്തസ്സും അവസര സമത്വവും ഉയര്‍ത്തും. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നും നിയമ മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്ത് നിന്നും ആദ്യം സംസാരിച്ച സോണിഗാന്ധി ബില്ലിന് പൂര്‍ണപിന്തുണ അറിയിച്ചു.
സ്ത്രീകളുടെ ക്ഷമയുടെ വ്യാപ്തി അളക്കാന്‍ പ്രയാസമാണ്. വിശ്രമിക്കുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉള്‍പ്പെടുത്തി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. ബില്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വൈകുന്നത് ഇന്ത്യയിലെ സ്ത്രീകളോട് കാണിക്കുന്ന നീതി നിഷേധമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. സാധ്യമായ രീതിയില്‍ എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പിലാക്കണം. വനിതാ സംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ സംവരണം യാഥാര്‍ത്ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്‌നം ഇപ്പോഴും അപൂര്‍ണമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
'കോണ്‍ഗ്രസ് ഈ ബില്ലിനെ പിന്തുണയ്ക്കുന്നു. ഈ ബില്‍ പാസാക്കിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, എന്നാല്‍ ആശങ്കയുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യന്‍ സ്ത്രീകള്‍ തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവരോട് കുറച്ച് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെടുകയാണ്. എത്ര വര്‍ഷം. കാത്തിരിക്കേണ്ടി വരും. ബില്‍ ഉടനടി നടപ്പിലാക്കുകയും ജാതി സെന്‍സസ് നടത്തി എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയും വേണം.' എന്നായിരുന്നു സോണിയയുടെ വാക്കുകള്‍. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം വനിതാ സംവരണ ബില്‍ കൊണ്ടുവന്നതെന്ന് ആംആദ്മി പാര്‍ട്ടി എംപി സുശീല്‍ റിങ്കു പറഞ്ഞു. ബില്‍ പാസാക്കുന്നതിന് മുമ്പ് നിരവധി തടസ്സങ്ങള്‍ മുന്നിലുണ്ട്. സെന്‍സസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നീണ്ട നടപടിക്രമമാണെന്നും ആപ്പ് എംപി കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ പാർലമെന്‍റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമ കൗൺസിലിലും സംവരണ നിർദേശമില്ല. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.
0 Comments