banner

'ഈ സഹതാപം അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല'; എം സ്വരാജ്

പുതുപ്പള്ളി : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻ്റെ പരാജയത്തിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. മരിച്ച ആളുകളോട് സഹതാപം കാണിക്കുന്ന രീതി ഉപതിരഞ്ഞെടുപ്പുകളിൽ കാണാറുണ്ടെന്ന് എം സ്വരാജ് പറഞ്ഞു. ഈ സഹതാപം അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. മരിച്ച ഉമ്മൻ ചാണ്ടിയും ജെയ്ക് സി തോമസും തമ്മിലാണ് മത്സരം ഉണ്ടായത്. ബിജെപി എല്ലാ കാലത്തും വോട്ട് കച്ചവടക്കാരാണെന്നും എം സ്വരാജ് പറഞ്ഞു.

പുതുപ്പള്ളിയില്‍ ചരിത്ര വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്. പിതാവിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുമ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ പിന്തുണയാണ് ചാണ്ടി ഉമ്മനുള്ളത്. 37,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് നല്‍കിയത്. ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വോട്ടുകളുടെ എണ്ണം നാലക്കം തികയ്ക്കാനും സാധിച്ചില്ല. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തന്നെ ലഭിച്ച ലീഡ് അവസാനം വരെയും ചാണ്ടി ഉമ്മന്‍ നിലനിര്‍ത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ചാണ്ടിക്ക് പിന്നിലാകേണ്ടി വന്നില്ല.

ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ മാത്രം 5000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉറപ്പിച്ചത്. 5000ല്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ തവണത്ത ഭൂരിപക്ഷമായ 9044ഉം മറികടന്ന് ചാണ്ടി ഉമ്മന്‍ മുന്നേറി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഭൂരിപക്ഷം പതിനായിരവും ഇരുപതിനായിരവും കടന്ന് നാല്‍പതിനായിരത്തില്‍ വരെ ഒരുഘട്ടത്തില്‍ എത്തി. ഉമ്മന്‍ചാണ്ടി തന്നെ മണ്ഡലത്തില്‍ നേടിയ 33,000 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ മറി കടന്നത്. 2011ല്‍ സിപിഐഎമ്മിന്റെ സൂസന്‍ ജോര്‍ജിനെതിരെയാണ് ഉമ്മന്‍ചാണ്ടി 33,255 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയത്.

Post a Comment

0 Comments