banner

മാപ്പിളപ്പാട്ടിന്റെ റാണി റംല ബീഗം അന്തരിച്ചു: വിട പറയുന്നത് മതവിലക്ക് മറികടന്ന് പാടിയ ആദ്യ മുസ്ലിം ഗായിക maapilapaat-singer-ramla-beegum-passed-away

കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 83 വയസായിരുന്നു. പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. കഥാപ്രാസംഗിക എന്ന നിലയിലും പ്രസിദ്ധയായിരുന്നു. മാപ്പിള പാട്ടിന്റെ റാണി എന്നാണ് അറിയപ്പെട്ടിരുന്നത്. മതവിലക്ക് മറികടന്ന് പാട്ടുകൾ പാടിയ ആദ്യ മുസ്ലിം ഗായികയാണ്.

1946 നവംബർ മൂന്നിന് ഹു​സൈ​ന്‍ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി ദമ്പതികളുടെ മകളായി ആലപ്പുഴയിലാണ് ജനനം. ഏഴാം വയസു മുതൽ ആസാദ് മ്യൂസിക് ട്രൂപ്പിൽ ഹിന്ദിപ്പാട്ടുകൾ പാടി തുടങ്ങി. പതിനെട്ടാം വയസിൽ ട്രൂപ്പിലെ പ്രധാന ഗായകനായ അബ്ദുസലാം മാഷിനെ വിവാഹം ചെയ്തു. ഹുസ്‌നുൽ ജമാൽ ബദറുൽ മുനീർ കഥാപ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുപുറമെ കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി, പി കേശവദേവിന്റെ ഓടയിൽനിന്ന് തുടങ്ങിയ നിരവധി കഥകളും അവതരിപ്പിച്ചിട്ടുണ്ട്.

ആലം ഉടയോൻ, ഇരുലോക ജയമണിയും തുടങ്ങി നിരവധി പ്രശസ്തമായ മാപ്പിള ഗാനങ്ങൾ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരളം മാപ്പിളകലാ അക്കാദമി അവാർഡ്, മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ല അക്കാദമി നൽകുന്ന വൈദ്യർ പുരസ്‌കാരം, ഫോക്ക്‌ലോർ അക്കാദമി അവാർഡ് തുടങ്ങി 300 ഓളം പുരസ്കാരങ്ങളും നേടി.

1971ൽ സിംഗപ്പൂരിൽ അവതരിപ്പിച്ച കഥാപ്രസംഗമാണ് ആദ്യ വിദേശ പരിപാടി. നാട്ടിലും വിദേശത്തുമായി പതിനായിരത്തോളം സ്റ്റേജുകളിൽ മാപ്പിളപ്പാട്ടുകളും കഥാപ്രസംഗവും അവതരിപ്പിച്ചിട്ടുണ്ട്. 1986ൽ ഭർത്താവിന്റെ മരണത്തോടെ കഥാപ്രസംഗ വേദികളിൽ നിന്ന് വിട്ടു നിന്നു. പിന്നീട് കലാപ്രേമികളുടെ നിർബന്ധപ്രകാരം വീണ്ടും കലാരംഗത്ത് സജീവമായി. 500ൽ പരം കാസറ്റുകളിൽ പാടി. പഴയ തലമുറയിൽ ഉള്ള പാട്ടുകാരോടാപ്പവും പുതിയ തലമുറയിലെ ഗായകർക്കൊപ്പവും പാടിയിട്ടുണ്ട്.

Post a Comment

0 Comments