മലപ്പുറം : നിപ ബാധിതനാണോയെന്ന സംശയത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള വ്യക്തിയുടെ സ്രവസാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിപ സംശയിക്കുന്ന വ്യക്തി ചികിത്സയിലിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക നിർദ്ദേശിച്ചു.
കോഴിക്കോട് ജില്ലയിലെ നിപ്പ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിലെ ആരും ഇല്ലെന്ന് ഡി എം ഒ പറഞ്ഞു. ഐസൊലേഷൻ ചെയ്യുന്നതിനും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ, ഐസൊലേഷൻ മുറികൾ എന്നിവ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിൻറെ നേതൃത്വത്തിൽ 04832734066 എന്ന നമ്പറിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലയിൽ തയ്യാറായതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതേസമയം, നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തിയിട്ടുണ്ട്. ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തും. സാമ്പിളുകൾ പരിശോധിക്കാനുള്ള ഐസിഎംആർ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചു. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. നിപ ബാധിതരായി കോഴിക്കോട് രണ്ട് പേർ മരിച്ചിരുന്നു.
0 Comments