banner

പുതുപ്പള്ളിയിലെ വിജയം ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കി: മുഹമ്മദ് റിയാസ്

തിരുവനന്തപുരം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. അതില്‍ കൂടുതലൊന്നും പറയാന്‍ ഇല്ല. ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും റിയാസ് പറഞ്ഞു.

'അതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളത്തില്‍ എല്ലാ തിരഞ്ഞെടുപ്പും കഴിഞ്ഞു എന്ന രീതിയിലാണ് പ്രചാരണം. കേരളത്തിലെ എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടു, സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിത്. എല്ലാ കാലത്തും അത്തരമൊരു ശ്രമം നടന്നിട്ടുണ്ട്. 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആരൊക്കെ ഏതൊക്കെ മന്ത്രിയാവുമെന്നായിരുന്നു ചര്‍ച്ച. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടി കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു തുടര്‍ഭരണം ഉണ്ടായി. ബോധപൂര്‍വ്വമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാം കീഴടക്കി കഴിഞ്ഞുവെന്നാണ് പ്രചാരണം. ജനവിധി മാനിക്കുന്നു. എന്തെങ്കിലും വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടോ എന്ന് ഞങ്ങള്‍ വിശകലനം ചെയ്യും.' മുഹമ്മദ് റിയാസ് പറഞ്ഞു. വിവാദ വിഷയങ്ങളില്‍ മൗനം പാലിച്ചുവെന്ന കാര്യത്തില്‍ എന്ത് വേണമെങ്കിലും പറഞ്ഞോളുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വിജയത്തില്‍ പുതുപ്പള്ളിക്കാരോട് നന്ദി പറഞ്ഞുകൊണ്ടുള്ള ചാണ്ടി ഉമ്മന്റെ പദയാത്ര പുരോഗമിക്കുകയാണ്. വാകത്താനം പഞ്ചായത്തിലെ നാല് നാക്കലില്‍ നിന്നാരംഭിച്ച പദയാത്ര കൂരോപ്പടയിലെ ളാക്കാട്ടൂരില്‍ സമാപിക്കും. ഏകദേശം 28 കിലോമീറ്ററാണ് പദയാത്ര.

പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വാകത്താനം പഞ്ചായത്തിലെ നാലുനാക്കലില്‍ നിന്നും കൂരോപ്പടയിലെ ളാക്കാട്ടൂര്‍ ലക്ഷ്യം വച്ചുള്ള യാത്രയ്ക്ക് പാതയോരങ്ങളില്‍ ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും പ്രായമായവരും യോരങ്ങളിലേക്ക് എത്തി ചാണ്ടി ഉമ്മനോട് ഐക്യദാര്‍ഢ്യം പ്രാപിച്ചു. ഇതൊരു തുടക്കം മാത്രമെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

Post a Comment

0 Comments