banner

പുതുപ്പള്ളിയിലേത് ഇടതു പക്ഷത്തിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പ്!, ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും, പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തൃശ്ശൂർ : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കും. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും. ഇടതു പക്ഷത്തിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ഇടതുപക്ഷ സർക്കാറിന്റെ ആണിക്കല്ല് ഇളക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും വരാൻ പോകുന്നതെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം വി ​ഗോവിന്ദൻ. പുതുപ്പള്ളിയിൽ ചരിത്രത്തിൽ ഇല്ലാത്ത ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കും. ഭരണ വിരുദ്ധ വികാരം ശക്തമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടായി അവർ രേഖപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ശുഭപ്രതീക്ഷ നൽകുന്ന അനുഭവങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് പറഞ്ഞത്. വിജയപ്രതീക്ഷയാണുള്ളത്. കണക്കിന്റെ വിശദാംശങ്ങൾ പാർട്ടി പറയും. പോളിംഗ് ശതമാനത്തിന്റെ ഏറ്റക്കുറച്ചിൽ വച്ച് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പറയാനാകില്ല. പോളിംഗ് ഉയരുന്നു എന്ന പൊലിപ്പിച്ച വാർത്തകൾ വന്നു. പോളിംഗ് വൈകിപ്പിക്കാൻ ഗൂഢാലോചന നടന്നെന്ന ചാണ്ടി ഉമ്മന്റെ ആരോപണം തള്ളുന്നില്ല. ​ഗൂഢാലോചന ഉണ്ടായെങ്കിൽ അത് അന്വേഷിക്കട്ടെ. ബൂത്ത് 88 ൽ വോട്ട് ചെയ്യാതെ ആരും തിരിച്ച് പോയിട്ടില്ല. കഴിഞ്ഞ തവണ പോൾ ചെയ്ത വോട്ട് തന്നെ ഇത്തവണയും പോൾ ചെയ്തു. വൈകിയെന്ന് പറയുന്ന ഇടങ്ങളിലെല്ലാം കഴിഞ്ഞ തവണത്തെ അതേ പോളിംഗ് നടന്നു. പോളിംഗ് വൈകിപ്പിച്ചു എന്ന ആരോപണം വസ്തുതകളുമായി ചേർന്നു പോകുന്നതല്ല എന്നും ജെയ്ക് പ്രതികരിച്ചു.

പോളിംഗ് ശതമാനത്തിൽ ആശങ്ക ഇല്ലെന്നും തനിക്ക് വിജയം ഉറപ്പാണ് എന്നുമാണ് ചാണ്ടി ഉമ്മൻ രാവിലെ പ്രതികരിച്ചത്. വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമം ഉണ്ടായി. പരാതിയുമായി മുന്നോട്ടു പോകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Post a Comment

0 Comments