Latest Posts

ദേശീയ തലത്തിലെ പിളർപ്പ് കേരള ഘടകത്തിലും പ്രതിഫലിക്കുന്നു!, എൻസിപി സംസ്ഥാന പ്രസിഡന്റിനെതിരെ പാര്‍ട്ടി എംഎല്‍എ തോമസ് കെ തോമസ്

ആലപ്പുഴ : ദേശീയ തലത്തിലും മഹാരാഷ്ട്രയിലും എന്‍സിപിയിലുണ്ടായ പിളര്‍പ്പ് കേരള ഘടകത്തിലേക്കും വ്യാപിക്കുന്നു. അച്ചടക്കത്തിൻ്റെ എല്ലാ സീമകളും ലംഘിച്ചാണ് കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റിനെതിരെ പാര്‍ട്ടി എംഎല്‍എ തോമസ് കെ തോമസ് പരസ്യമായി രൂക്ഷ വിമര്‍ശനം നടത്തിയത്. ജില്ലാ നേതൃയോഗത്തിലേക്കു എംഎൽഎയെ ക്ഷണിക്കാത്ത സാഹചര്യത്തിലായിരുന്നു പരസ്യ പ്രതികരണം. കാര്യങ്ങൾ ഈ നിലയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ എന്‍സിപിയുടെ കേരള ഘടകത്തിൽ പിളര്‍പ്പുണ്ടാകുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ ദേശീയ നേതൃത്വം കേരളത്തില്‍ ആര്‍ക്കൊപ്പമെന്ന ചോദ്യത്തില്‍ നിന്ന് നേരത്തെ എൻസിപി സംസ്ഥാന പ്രസിഡന്റ് ഒഴിഞ്ഞു മാറിയിരുന്നു. കേരളത്തിലെ എന്‍സിപി ശരത് പവാറിനൊപ്പമോ അജിത് പവാറിനൊപ്പമോ എന്ന ചോദ്യത്തിന് തനിക്കൊപ്പമാണെന്നാണ് മറുപടി ഉണ്ടായത്. കേരള ഘടകത്തിലെ ഭിന്നത സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനും പി സി ചാക്കോ തയ്യാറായിരുന്നില്ല.

സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോ എത്തിയതു മുതല്‍ തനിക്ക് എതിരാണെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പറയുന്നത്. കുട്ടനാട്ടില്‍ പാര്‍ട്ടി നശിപ്പിക്കാനായി പ്രസിഡന്റ് ശ്രമിക്കുന്നുവെന്നാണ് എംഎല്‍എയുടെ ആരോപണം. ഇങ്ങനെ പരസ്യമായി ഭിന്നത ഇരുവിഭാഗവും തുറന്നു പറയുന്നു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദിനെ സ്ഥാനത്ത് നിന്ന് നീക്കിയ പ്രഫൂല്‍ പട്ടേലിന്റെ നടപടി ഉണ്ടായി. എന്‍ഡിഎയ്‌ക്കൊപ്പമുള്ള പ്രഫൂല്‍ പട്ടേലിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് പി സി ചാക്കോ പക്ഷം പറയുന്നത്. നേരത്തെ തോമസ് കെ തോമസ് പക്ഷക്കാരനായ എന്‍ സന്തോഷ് കുമാറായിരുന്നു ജില്ലാ പ്രസിഡന്റ്. ഇദ്ദേഹത്തെ നീക്കിയാണ് സാദത്ത് ഹമീദിനെ ജില്ലാ പ്രസിഡൻ്റായി നിയമിച്ചത്.

0 Comments

Headline