Latest Posts

കേരളത്തിൽ ഇന്നും മഴ തുടര്‍ന്നേക്കും!, മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടര്‍ന്നേക്കും. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും കടലാക്രമണത്തിന് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ ഇല്ല. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ പാലക്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായി. വൈകിട്ട് ആറ് മണിയോടെ പാണ്ടന്‍ മലയിലാണ് ഉരുള്‍പൊട്ടിയത്. ശക്തമായ മഴയെ തുടര്‍ന്ന് പാലക്കയം ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്തും വെള്ളെക്കെട്ടുണ്ട്.

അതിനിടെ ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2013നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ കാര്യമായ തോതില്‍ കേസുകള്‍ വര്‍ധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തില്‍ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

0 Comments

Headline