Latest Posts

ഇടുക്കി ഡാം സുരക്ഷിതം; റോപ്പിന് കേടുപാടില്ലെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ

ചെറുതോണി : ജൂലൈ 22ന് ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ. ഡാം സുരക്ഷ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പി എൻ ബിജുവാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയിട്ടില്ലെന്നും ഡാം സുരക്ഷ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു. ഇനി പരിശോധനകൾ ആവശ്യമില്ല. പൊലീസ് തുടർനടപടികൾ സ്വീകരിക്കണമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ജൂലൈ 22ന് ഇടുക്കി ഡാം സന്ദർശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടുകയും ഷട്ടർ റോപിൽ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. ഒറ്റപ്പാലം സ്വദേശിയായിരുന്നു സംഭവത്തിന് പിന്നിൽ. ഇയാൾക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന.

പ്രതി ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമാണ് താഴുകൾ സ്ഥാപിച്ചത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ചെറുതോണി ഡാമിന്റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ താഴുകൾ കാണുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. യുവാവ് കടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

0 Comments

Headline