കോട്ടയം : മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ അറസ്റ്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സര്‍പ്രൈസ് ആയിരുന്നു. ജോപ്പന്റെ അറസ്റ്റ് വിദേശത്തായിരുന്ന മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല. ഇത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിക്കേണ്ടതായിരുന്നുവെന്നും കെ സി ജോസഫ് പറഞ്ഞു.
'മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണ്. കാരണം അന്ന് ഞാന്‍ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ബഹറിനിലെ യുഎന്‍ അവാര്‍ഡ് വാങ്ങാന്‍ പോയതായിരുന്നു. അത് കഴിഞ്ഞ് റൂമിലേക്ക് വന്നപ്പോഴാണ് ജോപ്പന്റെ അറസ്റ്റ് വിവരം അറിയുന്നത്. സര്‍പ്രൈസ് ആയിരുന്നു. അദ്ദേഹം അറിഞ്ഞിരുന്നില്ല. അത്രയും മാത്രമേ എനിക്ക് അറിയുള്ളൂ.' കെ സി ജോസഫ് പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് 2013 ജൂണില്‍ ടെനി ജോപ്പനെ അറസ്റ്റ് ചെയ്യുന്നത്. പത്തനംതിട്ട കോന്നി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സരിതാ നായരുമായി ചേര്‍ന്ന് ജോപ്പന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നായിരുന്നു പരാതി.
0 Comments