banner

നെൽ കർഷകരുടെ ദുരിതം പറഞ്ഞ ജയസൂര്യയെ സൈബർ സഖാക്കൾ ആക്രമിച്ചെന്ന് സണ്ണി ജോസഫ്!, നടൻ പറഞ്ഞത് ഇല്ലാക്കഥ, വിമർശനത്തിന് അതേ വേദിയിൽ വെച്ചുതന്നെ മന്ത്രി മറുപടി നൽകിയെന്ന് കൃഷിമന്ത്രി പി പ്രസാദ്

തിരുവനന്തപുരം : കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതിയില്ല. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകളാണ് പ്രചരിക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ് പ്രതികരിച്ചു. അത്തരത്തിലുളള ഇല്ലാക്കഥയാണ് ജയസൂര്യയും പറഞ്ഞതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ജയസൂര്യയുടെ വിമർശനത്തിന് അതേ വേദിയിൽ വെച്ചുതന്നെ മന്ത്രി പി രാജീവ് മറുപടി നൽകിയിരുന്നതായും മന്ത്രി പി പ്രസാദ് നിയമസഭയിൽ പറഞ്ഞു.

നെൽ കർഷകരുടെ ദുരിതം പറഞ്ഞ ജയസൂര്യയെ സൈബർ സഖാക്കൾ ആക്രമിച്ചെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് പറഞ്ഞു. കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് കൃഷിമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് പറഞ്ഞത് രാഷ്ട്രീയമാണ്. റബ്ബർ കർഷകരുടെ കാര്യത്തിൽ കേന്ദ്ര സഹായം പോലും ഇല്ലാതെ 1914.15 കോടി സംസ്ഥാനം നൽകി. സണ്ണി ജോസഫ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും കൃഷി മന്ത്രി വിമര്‍ശിച്ചു.

നെല്ല് സംഭരണത്തിൽ പണം കൊടുത്തുതീര്‍ത്ത് വരുകയാണെന്നും കൃഷിമന്ത്രി സഭയിൽ പറഞ്ഞു. മേൽ നോട്ടത്തിനായി ഒരു ക്യാബിനറ്റ് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കർഷകരുടെ യാഥാർത്ഥ പ്രശ്നങ്ങളെ വിസ്മരിച്ച് ശബ്ദമുയർത്തി പ്രതികരിച്ചാൽ യാഥാർത്ഥ്യം ഇല്ലാതാകുമോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചോദിച്ചു.


Post a Comment

0 Comments