banner

മാസപ്പടി വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി!, സിഎംആര്‍എല്‍ എക്‌സാലോജിക്കിന് പണം നല്‍കിയത് സേവനത്തിന് വേണ്ടി, ഇത് വേട്ടയാടലെന്ന് പിണറായി വിജയൻ


കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങള്‍ പാടെ നിഷേധിച്ച മുഖ്യമന്ത്രി, മാസപ്പടി എന്ന ആക്ഷേപം മനോനിലയുടെ പ്രശ്നമാണെന്നും നിയമ സഭയില്‍ വ്യക്തമാക്കി. ചട്ടം 285 പ്രകാരം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്.

കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ കമ്പനിയുടെ (സി.എം.ആര്‍.എല്‍.) ആദായനികുതി നിര്‍ണ്ണയത്തില്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവിന്റെ മാധ്യമങ്ങളില്‍ ലഭ്യമായ ചില പകര്‍പ്പുകളില്‍ നിന്നും പൊതുമണ്ഡലത്തില്‍ ചില കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ വിഷയം ഉയര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമം നടന്നു. ആരോപണ വിധേയമായ കമ്പനികള്‍ക്ക് വഴിവിട്ട ഒരു സഹായവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിയമ പരമായ ഇടപാടുകള്‍ മാത്രമാണ് നടന്നത്. വീണ വിജയന്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപെടലുകള്‍ മാത്രമാണ്. ഇത്തരം ആരോപണങ്ങളും ഒരു തരത്തിലുള്ള വേട്ടയാടലാണ് എന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി മാത്യു കുഴല്‍നാടന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്നും സഭയില്‍ വ്യക്തമാക്കി.

ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുകയാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണ് ഇന്ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണമെന്നും മാത്യൂ കുഴല്‍ നാടനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പ്രതികരിച്ചു.

സേവനം ലഭ്യമാക്കിയില്ല എന്ന് സി എം ആര്‍ എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെയും, അവര്‍ക്ക് ആരോപണമുന്നയിക്കാന്‍ അടിസ്ഥാനമാക്കുന്ന പിന്‍വലിക്കപ്പെട്ട സത്യപ്രസ്താവനയുടെ പകര്‍പ്പ് നല്‍കാതെയും ആരോപണം ഉന്നയിക്കുന്നത്. ചിലരുടെ കാര്യത്തില്‍ പ്രതിപക്ഷം പറയുന്ന വേട്ടയാടലിന്റെ മറ്റൊരു രൂപം തന്നെയാണ് ഈ വിഷയത്തില്‍ നടക്കുന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ്സെടുക്കണമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിട്ടുണ്ട്. പ്രഥമദൃഷ്ടിയാല്‍ അടിസ്ഥാനമില്ലായെന്ന നിരീക്ഷണത്തോടെയാണ് കേസ് തള്ളിയിരിക്കുന്നത്. ഒരു ക്വാസൈ ജുഡീഷ്യല്‍ സ്വഭാവമുള്ള ഉത്തരവ് പാസ്സാക്കിയിരിക്കുന്നത് മൂന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ആരോപണം ഉന്നയിച്ച നിയമസഭാ അംഗത്തിലെ പാര്‍ട്ടിയിലെ അഖിലേന്ത്യാ നേതൃനിരയില്‍പ്പെട്ട രണ്ടു വ്യക്തികള്‍ക്കെതിരെ ആദായനികുതി വകുപ്പും അപ്പലേറ്റ് ട്രൈബ്യൂണലും ഉത്തരവുകള്‍ പാസ്സാക്കിയിട്ടുണ്ട്. അവരുടെ ഭാഗം കേട്ടശേഷമാണ് ഇത് പാസ്സാക്കിയിട്ടുള്ളത്. അതിന്റെ സ്വഭാവം കുറേക്കൂടി ക്വാസൈ ജുഡീഷ്യലാണ്. ഇവിടെ മറുഭാഗം കേള്‍ക്കാതെ, വിശകലനം നടത്താതെ, നടത്തിയ നിരീക്ഷണങ്ങള്‍ക്ക് കല്പിക്കുന്ന ദിവ്യത്വം അവിടെക്കൂടി കല്‍പ്പിക്കാന്‍ നിങ്ങളുടെ രാഷ്ട്രീയം നിങ്ങളെ അനുവദിക്കുമോ എന്നും മുഖ്യമന്ത്രി മറുപടിയില്‍ ചോദിക്കുന്നു.

കേന്ദ്രത്തിലെ ഭരണകക്ഷി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ കേസുകളില്‍പ്പെടുത്തി വേട്ടയാടുന്നുവെന്ന നിങ്ങളുടെയും മറ്റു പ്രതിപക്ഷങ്ങളുടെയും ആരോപണത്തെ ഞങ്ങള്‍ ശക്തമായി പിന്തുണച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി ഉത്തരവിനെ ജുഡീഷ്യല്‍ ഓര്‍ഡറിന്റെ പാവനത്വം നല്‍കി ന്യായീകരിക്കാനല്ല, മറിച്ച് അദ്ദേഹത്തിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടാനാണ് പരിശ്രമിച്ചത്.

ദേശീയതലത്തില്‍ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷികളായ ബി ജെ പി സഖ്യകക്ഷികളാക്കുന്നു എന്ന് നിങ്ങള്‍ ആക്ഷേപിക്കുന്നുണ്ട്. ഞങ്ങളും ഈ അഭിപ്രായം ഉള്ളവരാണ്. പക്ഷെ വാളയാര്‍ ചുരത്തിനിപ്പുറം ബി ജെ പിയും യു ഡി എഫും തമ്മിലുള്ള സഖ്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍കൂടി കക്ഷികളാകുന്നുവെന്ന പരിഹാസ്യമായ വസ്തുത മനസിലാക്കണമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

Post a Comment

0 Comments