banner

വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട്!, പേരും ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി, കപ്പൽ ഒക്ടോബർ ആദ്യവാരത്തിലെത്തും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോയും പേരും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ‘വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് തിരുവനന്തപുരം’ എന്നാണ് തുറമുഖത്തിന്റെ പേര്. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും ഒക്ടോബർ ആദ്യവാരം ആദ്യത്തെ കപ്പൽ എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൈനയിലെ ഷാങ്ഹായ് തുറമുഖത്തുനിന്നു ക്രെയിനുകളുമായി ആദ്യ കപ്പൽ ഒക്ടോബർ നാലിന് തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 28ന് രണ്ടാമത്തേതും നവംബർ 11, 14 തീയതികളിലായി തുടർന്നുള്ള ചരക്ക് കപ്പലുകളും എത്തും. മേയിൽ ആദ്യഘട്ടം പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യും.

2015 ഡിസംബർ അഞ്ചിനാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അദാനി ഗ്രൂപ്പുമായി 40 വർഷത്തെ കരാറിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിൽ രാജ്യാന്തര കപ്പൽപാതയോട് ഏറ്റവും അടുത്ത തുറമുഖം വിഴിഞ്ഞമാണ്. രാജ്യാന്തര കടൽപാതയിൽ നിന്ന് ഏകദേശം 18 കിലോമീറ്ററാണു വിഴിഞ്ഞ‌ത്തേക്കുള്ള ദൂരം. കൊച്ചി തുറമുഖം 130 കിലോമീറ്റർ അകലെയാണ്. ചരക്കുകപ്പലുകൾ (മദർഷിപ്പുകൾ) അടുപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ഏക തുറമുഖവും വിഴിഞ്ഞമാണ്. തുറമുഖത്തോട് ചേർന്ന് 18 മുതൽ 20 മീറ്റർവരെ ആഴമുള്ളതും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്.

അതേസമയം, ആദ്യ ചരക്കുകപ്പൽ അടുപ്പിക്കാനായി ഒരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരാണ് നൽകണമെന്ന് എം.വിൻസന്റ് എംഎൽഎ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും, ഉമ്മൻ ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമായതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Post a Comment

0 Comments