Latest Posts

മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരെ തെളിവില്ല!, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ക്രൈം ബ്രാഞ്ച്, കേസെടുത്തത് പി എം ആർഷോയുടെ പരാതിയിൽ

കൊച്ചി : എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഗൂഢാലോചന കേസിൽ അഞ്ചാം പ്രതിയായിരുന്ന അഖിലക്കെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ക്രൈം ബ്രാഞ്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. മറ്റുളവർക്കെതിരെയുള്ള കേസ് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പരീക്ഷ എഴുതാതെ ജയിച്ചെന്ന് അർഷോയ്‌ക്കെതിരെ കെ എസ് യു ആരോപണം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ ആറിന് വാർത്ത തത്സമയം റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് അഖിലക്കെതിരെ കേസ് എടുത്തത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലും കെ എസ് യു പ്രവർത്തകരും ഉൾപ്പെടെ പ്രതികളാണ്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങി നാലു വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ആർഷോയ്‌ക്കെതിരെ കെ എസ് യു ഉന്നയിച്ച ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തതിനാണ് തനിക്കെതിരെ കേസ് എടുത്തതെന്ന് കാണിച്ച് അഖില ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസ് എടുത്തതിൽ പൊതുജനങ്ങൾക്കിടയിൽ നിന്നും മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു. അർഷോയുടെ മാർക്ക് ലിസ്റ്റ് നേരത്തെ തന്നെ കോളേജിലെ വാട്സ്അപ്പ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം നൽകിയ വാർത്തയാണ് ഗൂഢാലോചന നടന്നതായി കാണിച്ച് പരാതി നൽകിയത്.

0 Comments

Headline