ജെയ്പൂർ : രാജസ്ഥാനിലെ കൂട്ടബലാത്സംഗ പരാതി വ്യാജം എന്ന് പൊലീസ്. കസ്റ്റഡിയിലുള്ള യുവാക്കൾക്ക് ഒപ്പം യുവതി സ്വമേധയാ പോയതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ കബളിപ്പിക്കാനാണ് ബലാത്സംഗ കഥ മെനഞ്ഞത്. തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതല്ല. യുവാക്കളുമായി തര്‍ക്കമുണ്ടായ ശേഷമാണ് യുവതിയെ റോഡില്‍ കണ്ടത് എന്നും പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം.
രാജസ്ഥാനിൽ യുവതിയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായാണ് പൊലീസ് ആദ്യം പറഞ്ഞത്. ബലാത്സംഗത്തിന് ശേഷം മർദ്ദിക്കുകയും നഗ്നയാക്കി ഉപേക്ഷിക്കുകയും ചെയ്തതായാണ് നേരത്തെ അറിയിച്ചത്. അത്താഴം കഴിഞ്ഞ് നടക്കാൻ ഇറങ്ങിയ തന്നെ മദ്യലഹരിയിലായിരുന്ന മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. ബലാത്സംഗത്തിന് ശേഷം വിവസ്ത്രയായി റോഡിൽ ഉപേക്ഷിച്ചുവെന്നും ഇവര്‍ പറഞ്ഞു. നഗ്നയായ നിലയിൽ കിടക്കുകയായിരുന്ന യുവതിയെ ഗ്രാമവാസികൾ കാണുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
സംഭവസ്ഥലത്ത് പൊലീസെത്തി ജീപ്പിൻ്റെ സീറ്റ് കവർ കൊണ്ടാണ് യുവതിയെ പൊതിഞ്ഞത്. ഒരു വനിതാ കോൺസ്റ്റബിളിന്റെ വസ്ത്രമാണ് പിന്നീട് പൊലീസ് യുവതിയ്ക്ക് ധരിക്കാൻ നൽകിയത്. സംഭവത്തിൽ ശനിയാഴ്ച വൈകിട്ട് ഗംഗാപൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് പുറത്ത് പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു.
0 Comments