banner

പോളണ്ടിലെ ജർമൻ അധിനിവേശ കാലത്തെ ജൂത കൂട്ടക്കൊല!, സംഭവങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നു, പീയൂസ് പന്ത്രണ്ടാമനെതിരെ വത്തിക്കാൻ രേഖ

വത്തിക്കാൻ : പോളണ്ടിലെ ജർമൻ അധിനിവേശ കാലത്ത് ജൂതന്മാരെ വിഷവാതക പ്രയോഗത്തിന് ഇരയാക്കുന്ന വിവരം മാർപാപ്പ പീയൂസ് പന്ത്രണ്ടാമന് അറിവുണ്ടായിരുന്നു എന്ന് വത്തിക്കാൻ രേഖ. ഇറ്റലിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കൊറിയർ ഡെല്ലാ സെറയിലാണ് വത്തിക്കാൻ ആർക്കൈവ്സിൽ നിന്നുള്ള കത്ത് പ്രസിദ്ധീകരിച്ചത് . ആറായിരത്തിലധികം ജൂതന്മാരും പോളിഷ് പൗരന്മാരുമാണ് അക്കാലത്തു നാസി പടയാളികളുടെ ക്രൂരതയിൽ കൊല്ലപ്പെട്ടത്. പീയൂസ് പന്ത്രണ്ടാമന് കൂട്ടക്കൊലകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

പോപ്പ് പീയൂസ് പന്ത്രണ്ടാമനെ വാഴ്ത്തപ്പെട്ടവനാക്കാനുള്ള പ്രക്രിയകൾ നടന്നു വരുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ. കത്ത് പുറത്തുവന്നതോടെ വിശുദ്ധനാക്കാനുള്ള നടപടികൾ വീണ്ടും താമസിക്കുമെന്നാണ് കരുതുന്നത്. 2019ൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് പിയൂസ് പന്ത്രണ്ടാമന്റെ ആർക്കൈവ്സ്‌ തുറക്കാൻ അനുമതി നൽകിയത്. 1942 ഡിസംബർ 14ന് പിയൂസ് പന്ത്രണ്ടാമന്റെ വിശ്വസ്തനായ ഒരു പുരോഹിതൻ പോപ്പിന്റെ സെക്രട്ടറിക്ക് അയച്ച കത്തിൽ ജൂതന്മാരുടെ കൂട്ടക്കൊലയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ജർമൻ ഭാഷയിൽ ഫാദർ ലോതർ കോയിങ്, പോപ്പിന്റെ സെക്രട്ടറി റോബർട്ട് ലീബറിന് ജർമൻ ഭാഷയിൽ എഴുതിയ കത്തിൽ നാസി പട്ടാളം വിഷവാതകം ഉപയോഗിച്ച് 6000 ജൂതന്മാരെ കൊന്നതിന്റെ വിവരങ്ങൾ പോപ്പിനെ നേരിട്ടറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയധികം മനുഷ്യർ കൊല്ലപ്പെട്ടിട്ടും പീയൂസ് പന്ത്രണ്ടാമൻ മൗനം പാലിക്കുകയായിരുന്നെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സ്വന്തം ജീവൻ അപകടത്തിലാകുമോയെന്ന ഭയം കൊണ്ടാണ് പീയൂസ് പന്ത്രണ്ടാമൻ മൗനം പാലിച്ചതെന്ന് കരുതുന്ന ചരിത്രകാരന്മാരുമുണ്ട്.

Post a Comment

0 Comments