Latest Posts

തൃക്കരുവ പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും കൈക്കൂലി വാങ്ങിയോയെന്ന് ജനങ്ങൾക്ക് സംശയമുണ്ട്!, ആശിർവാദ് ഹോം സ്റ്റേ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രണവ് താമരക്കുളം


തൃക്കരുവ :  അഷ്ടമുടിയിലെ ആശിർവാദ് ഹോം സ്റ്റേ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന അഷ്ടമുടി ലൈവ് വാർത്ത ചൂണ്ടിക്കാട്ടി പ്രതികരിച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രണവ് താമരക്കുളം. തൃക്കരുവ പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും കൈക്കൂലി വാങ്ങിയോയെന്ന് ജനങ്ങൾക്ക് സംശയമുണ്ടെന്നും കായൽക്കയ്യേറ്റത്തെ സംബന്ധിച്ച പരാതിയിൽ നടപടിയില്ലാത്തതിൽ ദുരൂഹതയുള്ളതായും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബി.ജെ.പി ഏരിയ പ്രസിഡൻ്റ് അജയൻ മകരവിളക്കിൻ്റെയും പ്രണവ് താമരക്കുളത്തിൻ്റെയും നേതൃത്വത്തിൽ ബി.ജെ.പി - യുവമോർച്ച പ്രവർത്തകർ തൃക്കരുവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നതിനിടെയാണ് അഷ്ടമുടി ലൈവ് വാർത്ത ഉന്നയിച്ച് പ്രതിഷേധിച്ചത്.

അതേ സമയം, കായൽക്കയ്യേറ്റം നടന്നിട്ടുള്ളതായി കാണിച്ച് നൽകിയ പരാതിയിൽ പഞ്ചായത്തിൽ നിന്ന് ദുരൂഹ നടപടി. അഷ്ടമുടി ആശിർവാദ് റിസോർട്ടിൻ്റെ പ്രവർത്തനം തടയണമെന്നും കായൽക്കയ്യേറ്റം അന്വേഷിക്കണമെന്നും കാണിച്ച് സ്വകാര്യ വ്യക്തി നൽകിയ പരാതിയിലാണ് വിചിത്ര നടപടിയുമായി തൃക്കരുവ ഗ്രാമ പഞ്ചായത്ത് രംഗത്ത് എത്തിയത്. കായൽക്കയ്യേറ്റത്തെ സംബന്ധിച്ച് പരാതിയിൽ ആരോപണമുണ്ടെന്നിരിക്കെ ഈ വിഷയം പരിഗണിക്കാതെ ആശിർവാദ് ഹോം സ്റ്റേയ്ക്ക് ലൈസൻസില്ലെന്നും ഇത് എടുക്കണമെന്നും ആവശ്യപ്പെട്ട് സ്ഥാപനത്തിന് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകുകയായിരുന്നു. വില്ലേജ് ഓഫീസ് മുഖാന്തരം കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാമെന്നിരിക്കെ പരാതിയിലെ പരാമർശങ്ങളെ പാടെ അവഗണിച്ചാണ്  ലൈസൻസ് എടുക്കാൻ പഞ്ചായത്ത് രേഖാമൂലം സ്ഥാപന മേധാവികളെ അറിയിച്ചത്. സ്ഥാപനത്തിന് പ്രാദേശിക രാഷ്ട്രീയ സ്വാധീനവും ജില്ലാ നേതാക്കളുടെ പിൻബലവും ഉള്ളതായാണ് ഇത്തരം നടപടിയിലൂടെ വ്യക്തമാകുന്നത്.

അതേ സമയം, കൊല്ലത്തിനെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന പ്രകൃതിയുടെ വശ്യസൗന്ദര്യമായ അഷ്ടമുടിക്കായൽ അനുദിനം ഇല്ലാതായികൊണ്ടിരിക്കുകയാണ്. കേരളത്തിൽ വലിപ്പംകൊണ്ട് വേമ്പനാട്ടിന് പിന്നിലാണെങ്കിലും ആഴംകൊണ്ട് ഒന്നാമതാണ് അഷ്ടമുടി. 2002 ൽ അഷ്ടുമുടി കായലിനെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയത് അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലുമായിട്ടാണെങ്കിലും അതൊന്നും മനുഷ്യവർഗ്ഗം കേട്ട മട്ടില്ല. തേവള്ളിക്കായൽ , കണ്ടച്ചിറക്കായൽ, കുരീപ്പുഴക്കായൽ, തെക്കുംഭാഗം കായൽ, കല്ലടക്കായൽ, പെരുമൺ കായൽ, കുമ്പളത്തു കായൽ, കാഞ്ഞിരോട്ടു കായൽ എന്നിങ്ങനെ എട്ട് മുടികൾ ചേർന്ന അഷ്ടമുടിയുടെ കായൽ സൗന്ദര്യത്തെ മാലിന്യങ്ങളും അറുതിയില്ലാത്ത കയ്യേറ്റങ്ങളും ചേർന്ന് നശിപ്പിക്കുകയാണ്.

 62 ചതുരശ്ര കിലോ മീറ്ററായിരുന്നു അഷ്ടമുടി കായലിൻ്റെ യഥാർത്ഥ വിസ്തൃതി. എന്നാൽ ഇന്നത് 32 ലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാറ കെട്ടി തിരിച്ചു കൊണ്ട് കോൺക്രീറ്റ് മതിലുകൾ പണിത് ഈ സ്ഥലം മണ്ണിട്ട് നികത്തിയാണ് കായൽ കയ്യേറ്റം. കയ്യേറ്റത്തിനെതിരെ 3000ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. രുചിക്കു പേരുകേട്ട കരിമീന് പുറമേ കൂഴാലി, കണമ്പ്, പ്രാച്ചി, കക്ക, പൂല, ചൂട, താട, കൂരി, മുരിങ്ങ തുടങ്ങിയ അഷ്ടമുടിയുടെ മത്സ്യ സമ്പത്ത് ഓരോന്നായി ഇല്ലാതാവുകയാണ്. കാൽ നൂറ്റാണ്ടിനിടെ പത്തിനം മത്സ്യങ്ങൾ പൂർണ്ണമായും ഇവിടെ അപ്രത്യക്ഷമായി.

0 Comments

Headline