പാലക്കാട് : വനം വകുപ്പ് സംരക്ഷിക്കുന്ന പി ടി സെവനെന്ന ധോണിയുടെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയ, ഡോ. ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് ഇടത് കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ തുടങ്ങിയത്. നീണ്ട ദൗത്യമാണെങ്കിലും, വിദഗ്ദ ചികിത്സയിലൂടെ കൊമ്പന്റെ കാഴ്ചശക്തി വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാരുടെ സംഘം.
സെപ്റ്റംബർ ഏഴിനാണ് പ്രത്യേകം തയ്യാറാക്കിയ കൂട്ടിലായിരുന്ന പിടി സെവനെ കണ്ണിനുള്ള വിദഗ്ദ ചികിത്സ നല്‍കാന്‍ പുറത്തിറക്കിയത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ, ഡോ ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് പിടി സെവന് ചികിത്സ നല്‍കുന്നത്. ഭാഗികമായി നഷ്ടമായ കൊമ്പന്റെ കാഴ്ചശക്തി ചികിത്സയിലൂടെ വീണ്ടെടുക്കാനാകുമെന്ന് ഡോ അരുണ്‍ സഖറിയ പറഞ്ഞു. ഭക്ഷണത്തിലൂടെ മരുന്ന് നൽകിയുള്ള ചികിത്സയോടൊപ്പം, കൃത്യമായ ഇടവേളകളിൽ തുള്ളി മരുന്നും ആനയ്ക്ക് നൽകുന്നുണ്ട്.
കൂട്ടില്‍ നിന്ന് പുറത്തിറക്കിയ കൊമ്പൻ പഴയ ശൗര്യം വിട്ട്, ശാന്തനായാണ് ഡോക്ടർമാരോടടക്കം സഹകരിക്കുന്നത്. നേരത്തെ ആനയെ കുങ്കിയാക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെങ്കിലും, കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഇനി പൂർണമായി കാഴ്ച വീണ്ടെടുത്ത ശേഷം ഹൈക്കോടതിയായിരിക്കും ധോണിയെ കുങ്കിയാനയാക്കണോ, തിരികെ കാട്ടില്‍ അയക്കണോ എന്ന് തീരുമാനിക്കുക.
0 Comments