ചെന്നൈ : ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കാനൊരുങ്ങി അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്‌താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കിൽ ബിജെപിക്ക് തമിഴ്‌നാട്ടിൽ നോട്ടയ്‌ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും പാർട്ടി വക്താവ് ഡി.ജയകുമാർ വ്യക്തമാക്കി.
ഈറോഡ് – ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു കക്ഷികളും തമ്മിലുള്ള വിള്ളൽ രൂക്ഷമായത്. കഴിഞ്ഞ ദിവസം പൊതുപരിപാടിക്കിടെ എഐഎഡിഎംകെ നേതാവ് സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പരാമർശമാണ് പാർട്ടിയെ കടുത്ത തീരുമാനത്തിലേക്ക് തള്ളിവിട്ടത്.
അന്തരിച്ച മുഖ്യമന്ത്രി ജയലളിതയെ അപമാനിക്കുന്ന പരാമർശവും ബിജെപി അധ്യക്ഷൻ നടത്തിയതായി ആരോപണമുണ്ടായിരുന്നു. അതേസമയം പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി വിഷയത്തിൽ ഔദ്യോഗികമായി പ്രതികരണമറിയിച്ചിട്ടില്ല. അണ്ണാ ഡിഎംകെയുടെ സഖ്യം വേണ്ടെന്നു മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടർന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു. തമിഴ്‌നാട്ടിൽ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് എഐഎഡിഎംകെ.
0 Comments