ജി 20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുളള ക്ഷണക്കത്തില്‍ 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യയെ 'ഭാരത്' എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായി എതിര്‍പ്പില്ലെങ്കിലും ഇത്രയേറെ ബ്രാന്‍ഡ് മൂല്യമുള്ള 'ഇന്ത്യ' എന്ന് പേര് ഒഴിവാക്കി സര്‍ക്കാര്‍ വിഡ്ഢിത്തം കാണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി തരൂര്‍ പറഞ്ഞു.
'ഇന്ത്യ എന്ന പേരിനെ എതിര്‍ത്തത് ജിന്നയാണെന്ന് ഓര്‍ക്കുക, കാരണം നമ്മുടെ രാജ്യം ബ്രിട്ടീഷ് രാജിന്റെ പിന്‍ഗാമി രാജ്യമാണെന്നും പാകിസ്ഥാന്‍ ഒരു വേര്‍പിരിയല്‍ രാജ്യമാണെന്നും അത് സൂചിപ്പിച്ചു. സിഎഎ പോലെ, ബിജെപി സര്‍ക്കാര്‍ ജിന്നയുടെ വീക്ഷണം പിന്തുണയ്ക്കുന്നു' ശശി തരൂര്‍ പറഞ്ഞു.
ജി20 അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ 'ഇന്ത്യയുടെ പ്രസിഡന്റ്' എന്നതിനുപകരം 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്നാണ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ മോദി സര്‍ക്കാര്‍ 'ഇന്ത്യ' എന്ന പേര് മാറ്റി 'ഭാരത്' എന്നാക്കാന്‍ പദ്ധതിയിടുന്നെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
രാജ്യത്തിന്റെ രണ്ട് ഔദ്യോഗിക നാമങ്ങളില്‍ ഒന്നാണ് 'ഭാരത്' എന്ന് ശശി തരൂര്‍ എക്സിലെ (ട്വിറ്റര്‍) പോസ്റ്റില്‍ പറഞ്ഞു. 'രാജ്യത്തിന്റെ രണ്ട് ഔദ്യോഗിക നാമങ്ങളില്‍ ഒന്നായ ഇന്ത്യയെ 'ഭാരത്' എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായ എതിര്‍പ്പില്ലെങ്കിലും, നൂറ്റാണ്ടുകളായി ഇത്രയേറെ ബ്രാന്‍ഡ് മൂല്യം നേടിയ 'ഇന്ത്യ' യെ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ മാത്രം സര്‍ക്കാര്‍ വിഡ്ഢിയാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' എംപി പറഞ്ഞു. ചരിത്രപരമായി പ്രാധാന്യമുണ്ടെന്നതിന്റെ പേരില്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേര് മാറ്റാതെ നാം രണ്ട് വാക്കുകളും ഉപയോഗിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ ദേശീയ തലസ്ഥാനത്താണ് ജി 20 ഉച്ചകോടി നടക്കുക. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.
0 Comments