banner

ജനങ്ങളെ സംബന്ധിച്ച് സർക്കാർ മരിച്ചുകഴിഞ്ഞു...പുതുപ്പള്ളിക്കാർ ആ മൃതദേഹത്തിൽ ആദ്യ റീത്ത് വച്ചു!, സോഷ്യൽ മീഡിയയിലെ ഗുണ്ടകളെ വെച്ചുകൊണ്ട് ആരെയും ആക്ഷേപിക്കുന്ന രാഷ്ട്രീയമാണ് പിണറായി വിജയന്റേതെന്ന് ഷിബു ബേബി ജോൺ


കോട്ടയം : പുതുപ്പളളിയിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്തുവെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പിണറായി വിജയന്റെ മൗനവും ഉമ്മൻ‌ചാണ്ടിയുടെ മാനവും ആയിരുന്നു പുതുപ്പള്ളിയിലെ ചർച്ചാവിഷയം. പിണറായിയുടെ മൗനം ജനങ്ങൾ വലിച്ചുകീറി. ഉമ്മൻ‌ചാണ്ടി ഒന്നും ചെയ്തില്ല എന്ന പ്രചാരണം ജനങ്ങളെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ജനങ്ങളെ സംബന്ധിച്ച് സർക്കാർ മരിച്ചുകഴിഞ്ഞു. പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. പുതുപ്പള്ളിക്കാർ ആ മൃതദേഹത്തിൽ ആദ്യ റീത്ത് വച്ചുവെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. സോഷ്യൽ മീഡിയയിലെ ഗുണ്ടകളെ വെച്ചുകൊണ്ട് ആരെയും ആക്ഷേപിക്കുന്ന രാഷ്ട്രീയമാണ് പിണറായി വിജയന്റേതെന്നും ഷിബു ബേബി ജോൺ വിമർശിച്ചു. നന്മയുടെ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ഉമ്മൻചാണ്ടിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ വിധിയെഴുത്താണിത്. ഉമ്മൻചാണ്ടിക്ക് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിച്ചു. സിപിഐഎം വോട്ട് ഒലിച്ചുപോകുമ്പോൾ ബിജെപിയുടെ കാര്യം പറഞ്ഞ് പ്രതിരോധിച്ചിട്ട് കാര്യമുണ്ടോയെന്നും ഷിബു ബേബി ജോൺ ചോദിച്ചു. സിപിഐഎം വോട്ടുകൾ ചാണ്ടി ഉമ്മന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുമ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ പിന്തുണയാണ് ചാണ്ടി ഉമ്മന്. 37,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് നല്‍കിയത്. ശക്തമായ സാന്നിധ്യമാകുമെന്ന് പ്രഖ്യാപിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വോട്ടുകളുടെ എണ്ണം നാലക്കം തികയ്ക്കാനും സാധിച്ചില്ല.

ഉമ്മന്‍ചാണ്ടിയോട് രണ്ട് തവണ പരാജയപ്പെട്ട ജെയ്ക് ചാണ്ടി ഉമ്മനോടും പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ജെയ്കിന് 54,328 വോട്ടുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ പതിനായിരത്തിലധികം വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച മണിക്കൂറുകളില്‍ തന്നെ നിരാശയായിരുന്നു ജെയ്കിന് ഫലം. എല്ലാ പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന്‍ ലീഡ് പിടിച്ചപ്പോള്‍, സ്വന്തം മണ്ഡലമായ മണര്‍കാട് പോലും ജെയ്കിനെ തുണച്ചില്ല. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായ പഞ്ചായത്തുകളില്‍ ഒന്നാണ് മണര്‍കാട്. കഴിഞ്ഞ തവണ ജെയ്ക് മുന്നിലെത്തിയ ബൂത്തുകളിലും ചാണ്ടി ഉമ്മനാണ് മുന്നേറിയത്.

Post a Comment

0 Comments