ഇടുക്കി : ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂലൈ 22ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരിശോധനയില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ജൂലൈ 22ന് ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടുകയും ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. ഒറ്റപ്പാലം സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ് അറിയിച്ചു.
പ്രതിക്കായി ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതി ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ സ്ഥാപിച്ചത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയത്. ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തു. താഴുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്. യുവാവ് കടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.
കെഎസ്ഇബിയുടെ പരാതിയില്‍ ഇടുക്കി പൊലീസാണ് കേസെടുത്തത്. സുരക്ഷാ വീഴ്ചയില്‍ പൊലീസിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായി ഒന്നരമാസം പിന്നിട്ടശേഷമാണ് വിവരം പുറത്തറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പൊലീസ് അറിയിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
0 Comments