banner

ഉമ്മന്‍ ചാണ്ടിയുടെ പേര് ചേര്‍ത്തതില്‍ സിപിഐഎമ്മിന് പങ്കില്ല!, കൊല്ലത്തെ ഗസ്റ്റ് ഹൗസില്‍ താന്‍ പോയിട്ടില്ല, ഫെനി ബാലകൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്ന് ഇ.പി ജയരാജന്‍

ഡല്‍ഹി : സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കൊല്ലത്തെ ഗസ്റ്റ് ഹൗസില്‍ താന്‍ പോയിട്ടില്ലെന്നും ഫെനി ബാലകൃഷ്ണനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ പീഡനകേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടി ചേര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയില്‍ സിപിഐഎമ്മിന് പങ്കില്ല എന്നും ഇപി ജയരാജന്‍ പറഞ്ഞു.

തരംതാണ ആരോപണങ്ങളിലേയ്ക്ക് തള്ളി വിടരുത്. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഫെനിക്ക് പിന്നില്‍ ആരോ ഉണ്ടെന്നും ആരോപണങ്ങള്‍ പിന്നില്‍ എന്തോ ഉദ്ദേശമുണ്ടെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ നമ്മുക്ക് ഒപ്പം ഇല്ല. മണ്‍മറഞ്ഞ ഒരു നേതാവിനെ നിയമസഭയില്‍ വീണ്ടും കീറിമുറിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്തിരിയണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനെതിരെയുള്ള ആരോപണത്തെകുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തനിക്ക് അറിയില്ലെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

സജി ചെറിയാനും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും അന്ന് കേസിൽ ഇടപെട്ടിരുന്നു എന്ന് കഴിഞ്ഞദിവസം ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇ പി ജയരാജനെ കൊല്ലത്തെ ഒരു ഗസ്റ്റ് ഹൗസിൽ വച്ചു കണ്ടെന്നും സോളാർ വിഷയം കത്തിച്ചു നിറുത്തണം. അതിനുവേണ്ട കാര്യങ്ങൾ ചെയ്തു തരാമെന്ന് ജയരാജൻ പറഞ്ഞു എന്നും കഴിഞ്ഞ ദിവസം ഫെനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സജി ചെറിയാൻ മാവേലിക്കര കോടതിയിൽ എന്തോ ആവശ്യത്തിനായി എത്തിയപ്പോൾ പരാതിക്കാരിയെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും തന്റെ വീട്ടില്‍ വെച്ച് പരാതിക്കാരിയെ കണ്ടുവെന്നും ഫെനി പറഞ്ഞു.

Post a Comment

0 Comments