banner

അടിയന്തര പ്രമേയം ഉന്നയിച്ചവർക്ക് പോലും ഒന്നും പറയാൻ ഇല്ലായിരുന്നു!, ഇടതുപക്ഷ ​ഗവർണമെന്റിനെ പ്രതിക്കൂട്ടിലാക്കാൻ ന‌ടത്തിയ ശ്രമം കോൺ​ഗ്രസിനെ തന്നെ തിരിഞ്ഞു കൊത്തുകയാണ്, സോളാർ കേസിൽ അന്വേഷണം നടന്നാൽ യുഡിഎഫിലെ വലിയ വൈരുദ്ധ്യങ്ങൾ പുറത്തുവരുമെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം : സോളാർ കേസിൽ അന്വേഷണം നടന്നാൽ യുഡിഎഫിലെ വലിയ വൈരുദ്ധ്യങ്ങൾ പുറത്തുവരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ആഭ്യന്തര മന്ത്രിയായിരുന്നവർ മുഖ്യമന്ത്രിയെ താഴെയിറക്കുന്നതിന് ബോധപൂർവ്വമായ പ്രവർത്തനം നടത്തിയിരുന്നുവെന്നതിന്റെ തെളിവ് ഉൾപ്പെടെ പുറത്തുവരികയാണ്. സോളാർ കേസിന്റെ ​ഗുണഭോക്താവ് ആരായിരുന്നുവെന്നുള്ള കാര്യവും ഇപ്പോൾ നല്ലതുപോലെ ചർച്ച ചെയ്യപ്പെട്ടു. ഇടതുപക്ഷ ​ഗവർണമെന്റിനെ പ്രതിക്കൂട്ടിലാക്കാൻ സിബിഐ റിപ്പോർട്ടിന്റെ പേര് പറഞ്ഞു ന‌ടത്തിയ ശ്രമം കോൺ​ഗ്രസിനെ തന്നെ തിരിഞ്ഞു കൊത്തുകയാണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

നിയമസഭയിൽ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ യുഡിഎഫ് സോളാർ വിഷയം ചർച്ചയിലേക്ക് നീക്കി. എന്നാൽ അടിയന്തര പ്രമേയം ഉന്നയിച്ചവർക്ക് പോലും ഒന്നും പറയാൻ ഇല്ലായിരുന്നു. എല്ലാ ആയുധവും നഷ്ടപ്പെട്ടപ്പോൾ പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തുകയായിരുന്നു. സോളാർ കേസിൽ അന്വേഷണം വേണമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യ ആവശ്യം. ഇപ്പോൾ അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നു. അന്വേഷണം നടന്നാൽ യുഡിഎഫ് ആഭ്യന്തര പ്രശ്നങ്ങളിലേക്ക് നീങ്ങും.

ഈ വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്രസമ്മേളനം നടത്തി. സോളാർ കേസിൽ തനിക്ക് പങ്കില്ലെന്ന് മാത്രമാണ് തിരുവഞ്ചൂർ പറഞ്ഞതെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി. പേഴ്സണൽ സ്റ്റാഫായിരുന്നു ജോപ്പനെ അറസ്റ്റ് ചെയ്തത് ഉമ്മൻ ചാണ്ടി അറിഞ്ഞെന്ന് വി ഡി സതീശൻ പറയുന്നു. എന്നാൽ ജോപ്പന്റെ അറസ്റ്റ് ഉമ്മൻ ചാണ്ടി അറിഞ്ഞിട്ടില്ലെന്ന് കെസി ജോസഫ് പറയുന്നു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ പുറത്തുവരുന്നതിനാൽ അന്വേഷണം വേണ്ട എന്ന നിലപാടിലേക്ക് യുഡിഎഫ് എത്തി. യുഡിഎഫ് ആവശ്യപ്പെട്ടാൽ സോളാർ കേസിൽ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

സോളാർ കേസിൽ സിപിഐഎം കക്ഷിയല്ലെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. സോളാർ കേസിൽ ആദ്യത്തെ കമ്മീഷനെ നിശ്ചയിച്ചതുൾപ്പടെ എല്ലാം ചെയ്തത് കോൺ​ഗ്രസ് സർക്കാരാണ്. സരിതയുടെ കത്ത് സിപിഐഎം എന്തിന് പുറത്തുവിടണം? കത്തിന്റെ ​ഗുണഭോക്താക്കൾ യുഡിഎഫാണ്. സോളാർ കേസിൽ സിപിഐഎം ശക്തമായ സമരം നടത്തിയിട്ടുണ്ട്. കത്ത് പുറത്തുവന്നില്ലെങ്കിലും സിപിഐഎം നിലപാട് ശരിയായിരുന്നു. അതുകൊണ്ടാണ് ജു‍‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

അതിനിടെ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ എം വി ​ഗോവിന്ദൻ തയ്യാറായില്ല. ഓരോത്തർക്ക് മറുപടി പറയാൻ താനില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. സോളാർ പരാതിക്കാരി എഴുതിയ പേരിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തത് ​ഗണേഷ് കുമാറും ശരണ്യ മനോജും ചേർന്നെന്നായിരുന്നു ഫെനി ബാലകൃഷ്ണന്റെ ആരോപണം.

Post a Comment

0 Comments