banner

സപ്ലൈകോയ്ക്ക് കൊടുത്ത നെല്ലിന്റെ പണം ലഭിച്ചില്ല!', കർഷകൻ കീടനാശിനി കഴിച്ചു ജീവനൊടുക്കി, ജയസൂര്യയ്ക്കെതിരായി കൃഷിമന്ത്രി നിരത്തിയ വാദങ്ങൾ തകരുന്നുവോ?

ആലപ്പുഴ : നെല്ലിന്റെ സംഭരണ വില ലഭിക്കാത്തതിൽ മനംനൊന്ത് അമ്പലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തു. സിവിൽ സപ്ലൈസ് ഏറ്റെടുത്ത നെല്ലിന്റെ വില കിട്ടാതായതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലുമാണ്, വണ്ടാനം നീലുകാട്ചിറയിൽ കെ.ആർ.രാജപ്പൻ (88) കീടനാശിനി കഴിച്ചു ജീവനൊടുക്കിയത്.

അമ്പലപ്പുഴ വടക്ക് കൃഷിഭവനു കീഴിലെ നാലുപാടം പാടശേഖരത്തിലാണ് രാജപ്പനും മകൻ പ്രകാശനും കൃഷി ചെയ്തു വന്നിരുന്നത്. ഇവരുടെ മൂന്ന് ഏക്കറോളമുള്ള ഭൂമിയിൽ നിന്നും കഴിഞ്ഞ ഏപ്രിലിൽ രാജപ്പന്റെ പേരിൽ 3621 ഉം പ്രകാശന്റെ പേരിൽ 1944 ലും കിലോഗ്രാം നെല്ല് സിവിൽ സപ്ലൈസ് വകുപ്പ് ശേഖരിച്ചിരുന്നു. രണ്ടു പേർക്കും കൂടി കിട്ടേണ്ട 1,57,601രൂപയിൽ, രാജപ്പന് 28,043 രൂപയും പ്രകാശന് 15,163 രൂപയും ലഭിച്ചിരുന്നു. ഇരുവർക്കും കൂടി ഇനി 1,14,395 രൂപ കിട്ടാനുണ്ട്.

പ്രകാശൻ ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. അതേ സമയം ശാരീരിക അസ്വസ്ഥതകൾ മൂലം രാജപ്പനും ഏതാനും മാസങ്ങളായി രോഗാവസ്ഥയിലായിരുന്നു. മകന്റെ ചികിത്സക്ക് വലിയ തുക ചെലവായതിനാൽ രാജപ്പന്റെ ചികിത്സ മുടങ്ങിയിരുന്നു. അതിനിടെ നിലം വിൽക്കാൻ രാജപ്പൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.

തുടർന്ന് മാനസിക പ്രയാസത്തിലായിരുന്ന രാജപ്പൻ ഞായറാഴ്ച്ച വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments