Latest Posts

സ്പാനിഷ് ഫുട്ബോളിൽ വീണ്ടും ലൈം​ഗിക അതിക്രമ പരാതി!, മൂന്ന് യുവ റയൽ താരങ്ങൾ കസ്റ്റഡിയിൽ

മാ‍ഡ്രിഡ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പമുള്ള ലൈം​ഗിക വീഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ. സ്പാനിഷ് പൊലീസാണ് താരങ്ങളെ അറസ്റ്റ് ചെയ്തത്. 21, 22 വയസ്സാണ് കസ്റ്റഡിയിലായ താരങ്ങളുടെ പ്രായം. താരങ്ങളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. റയലിന്റെ മറ്റൊരു താരവും പൊലീസ് നിരീക്ഷണത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസം പെൺകുട്ടിയുടെ മാതാവ് താരങ്ങൾക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്നാണ് റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയിലെ താരങ്ങളെ അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം താരങ്ങളെ വിട്ടയച്ചു. താരങ്ങളുടെ ഫോണും പൊലീസ് പരിശോധിച്ചു. സംഭവത്തിൽ പ്രതികരിച്ച് റയൽ മാഡ്രിഡ് ക്ലബ് രം​ഗത്തെത്തി. റയലിന്റെ രണ്ടാം ടീമായ കാസ്റ്റില്ലയിലെ ഒരു താരത്തിനെതിരെയും മൂന്നാം ടീമായ റയൽ മാഡ്രിഡ് സിയുടെ മൂന്ന് താരങ്ങൾക്കെതിരെയും പരാതി ഉയർന്നിരിക്കുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് ശേഷം നട‌പടി എടുക്കുമെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി.

പെൺകുട്ടിയുടെ ചിത്രം സമ്മതമില്ലാതെ താരങ്ങൾ പ്രചരിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയ്ക്കും കുടുംബത്തിനും പിന്തുണയുമായി സ്പാനിഷ് മിനിസ്റ്റർ ഐറിൻ മോണ്ടെറോയും രം​ഗത്തെത്തിയിട്ടുണ്ട്. ലോകകപ്പ് വേദിയിലെ റുബിലിയാസിന്റെ വിവാദ ചുംബനത്തിന് പിന്നാലെയാണ് സ്പെയിനിൽ പുതിയ വിവാദം.

0 Comments

Headline