banner

വീണ്ടും ചരിത്ര തീരുമാനവുമായി തമിഴ്‌നാട്!, മൂന്ന് യുവതികൾ കൂടി പൂജാരിമാരാകുന്നു, പരിശീലനം പൂർത്തിയായി

ചെന്നൈ : തമിഴ്‌നാട്ടിൽ മൂന്നു യുവതികള്‍ ക്ഷേത്രപൂജാരിമാരാകുന്നു. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. മൂവരും ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് പരിശീലനം പൂർത്തീകരിച്ചത്. ഇവർ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.

സെപ്റ്റംബർ 12ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബുവിൽ നിന്ന് അർച്ചകര്‍ പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ഇവരോടൊപ്പം 91 പുരുഷന്മാരും 2022-2023 വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു.

ഭഗവാനെ സേവിക്കണമെന്ന ആഗ്രഹത്താലാണ് അര്‍ച്ചകര്‍ പരിശീലനത്തിന് ചേർന്നതെന്ന് എസ് രമ്യ പറഞ്ഞു. തങ്ങൾ ഒരു പുരുഷ കോട്ട തകർത്തുവെന്നും പ്രധാന ക്ഷേത്രങ്ങളിൽ തന്നെ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമ്യ പറഞ്ഞു. കടലൂര്‍ ജില്ലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദധാരിയായ രമ്യ വരുന്നത്.

പൂജാരിമാര്‍ക്കുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കിയ മൂവരെയും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. 'വിമാനം ഓടിച്ചാലും, ബഹിരാകാശത്തേക്ക് പോയി വന്നാലും ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയിൽ നിന്ന് സ്ത്രീകൾക്ക് വിലക്ക് നേരിട്ടിരുന്നു. സ്ത്രീ ദൈവങ്ങൾക്കുള്ള ക്ഷേത്രങ്ങളിൽ പോലും അതായിരുന്നു സ്ഥിതി. എന്നാൽ അതിനും ഒടുവിൽ മാറ്റം വന്നിരിക്കുന്നു!,' എം കെ സ്റ്റാലിൻ എക്‌സിൽ കുറിച്ചു. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2021-ൽ സുഹഞ്ജന ഗോപിനാഥ് എന്ന യുവതിയെ പൂജാരിയായി നിയമിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. എം കെ സ്റ്റാലിൻ സർക്കാർ ചെങ്കൽപട്ടിലെ മടമ്പാക്കം പ്രദേശത്തുള്ള ധേനുപുരീശ്വര ക്ഷേത്രത്തിലാണ് യുവതിയെ പൂജാരിയായി നിയമിച്ചത്.

Post a Comment

0 Comments