banner

കാത്തിരിക്കാൻ വയ്യ!, രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കുന്നതിനെക്കുറിച്ച് കുറിപ്പുമായി നടൻ ഉണ്ണി മുകുന്ദൻ

കൊച്ചി : ഇന്ത്യയ്ക്ക് പകരം ഭാരത് എന്നുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റ് സോഷ്യ‌ൽ മീഡിയയിൽ ചർച്ചയാകുന്നു. രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കുന്നതിനായി കാത്തിരിക്കുകയാണെന്നാണ് ഉണ്ണി മുകുന്ദൻ ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. 'ഭാരതം' വിഷയം വലിയ വിവാ​ദങ്ങൾ സൃഷ്ടിക്കുന്നിതിനിടെയാണ് നടന്റെ പോസ്റ്റും ശ്രദ്ധ നേടുന്നത്.

'കാത്തിരിക്കാൻ വയ്യ’ എന്നായിരുന്നു ഉണ്ണി കുറിച്ചത്. പോസ്റ്റിനെ പിന്തുണച്ചും എതി‍ർത്തും നിരവധി കമന്റുകളും എത്തുന്നുണ്ട്. ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കി പകരം ഭാരത് എന്ന് ഉപയോഗിക്കാന്‍ ആലോചന എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.

അതേസമയം, ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ക്ഷണക്കത്തിൽ 'ഇന്ത്യൻ രാഷ്ട്രപതി' എന്നതിനു പകരമായി 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയത് രാജ്യത്താകമാനം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഓദ്യോഗിക രേഖകളിൽ രാഷ്ട്രപതിയുടെ പേര് ആദ്യമായാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്.

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്‍ഡോനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കുറിപ്പിലും ഭാരത് എന്നാണ് ഉപയോ​ഗിച്ചിരിക്കുന്നത്. പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ മാസം ഏഴിന് നടക്കാനിരിക്കുന്ന 20-ാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള കുറിപ്പിലാണ് ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments