banner

അഞ്ചാലുംമൂട് ലേക്ക്പാലസ് മാനേജറെ ക്രൂരമായി ആക്രമിച്ച സംഭവം!, പോലീസിൻ്റെ കണ്ണുവെട്ടിച്ച് പതിനൊന്ന് ദിവസം, ഒടുവിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ, മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ്


അഞ്ചാലുംമൂട് : സ്വകാര്യ ബാർ ഹോട്ടലായ ലേക്ക്പാലസിൻ്റെ മാനേജറെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതി ചേർത്ത് തിരഞ്ഞു വന്ന  അഞ്ച് പേർ അഞ്ചാലുംമൂട് പോലീസിൻ്റെ പിടിയിലായി. അഷ്ടമുടി സ്വദേശി നിഥിൻ, അഷ്ടമുടി കുരുമ്പലമൂട് സ്വദേശി സുനീഷ്, വെള്ളിമൺ സ്വദേശി ജിഷ്ണു, അഷ്ടമുടി കുരുമ്പലമൂട് സ്വദേശി സുജീഷ് എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ധർമ്മജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരിൽ ഒരാളെ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ കണ്ടാലറിയുന്ന പ്രതികളിൽ ഒരാളും  കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ തിരിച്ചറിയൽ പരേഡിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സെപ്തംബർ 24 ന് നടന്ന സംഭവത്തിൽ സ്വകാര്യ ബാർ ഹോട്ടലായ ലേക്ക് പാലസിൻ്റെ മാനേജർ ഷിബു കുര്യാക്കോസിന് ഗുരുതര പരിക്കേറ്റിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. പിന്നാലെ ആറ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറത്തിറക്കി. തുടർന്ന് ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാല് പേരെ പ്രാക്കുളത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.


കഴിഞ്ഞ 24 ന് രാത്രിയോടെയാണ് അഞ്ചാലുംമൂട് നടുങ്ങിയ അക്രമസംഭവം ലേക്ക് പാലസിൽ അരങ്ങേറിയത്. വൈകുന്നേരം ബാറിലെത്തിയ ചെറുപ്പക്കാർ വയോധികനായ ഓട്ടോ ഡ്രൈവറുമായി കയർക്കുകയും ബാറിലെ വില പിടിപ്പുള്ള സാധനങ്ങൾ തകർക്കുകയും ചെയ്തു. സാധാരണ നടപടിയെന്നോണം പ്രശ്നമറിഞ്ഞ മനേജർ ഷിബു കുര്യാക്കോസ് വിവരം പോലീസിനെ അറിയിക്കുകയും പോലീസ് വരുന്നത് വരെ ഇവരെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. 

പിന്നാലെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഇതിന് ശേഷം ഷിബു വീട്ടിലേക്കും മടങ്ങി. രാത്രിയോടെ ഒരു സംഘം ബാറിലെത്തി അക്രമം അഴിച്ചുവിടുന്നു എന്ന് ബാർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ബാറിലെത്തിയ ഷിബുവിനെ കൂട്ടം കൂടി വളഞ്ഞ് ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു പ്രതികളുടെ അക്രമണത്തിൽ ബോധം നഷ്ടപ്പെട്ട ഷിബുവിടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂക്കിലൂടെ രക്തം വരുന്നതിനെ തുടർന്ന് വിദഗ്ധ പരിചരണത്തിനായി മൈലാപ്പൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.

Post a Comment

0 Comments