banner

അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേയ്ക്കെതിരായ പരാതി!, മണ്ണിട്ടു നികത്തിയെടുത്ത കായൽ ഭൂമിയിൽ പ്രവർത്തിക്കുന്നത് അനധികൃത ടൂറിസ്റ്റ് കേന്ദ്രം, നടപടിയെടുക്കാൻ പേടിച്ച് തൃക്കരുവ ഗ്രാമ പഞ്ചായത്ത് - FOLLOW UP


തൃക്കരുവ : അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേയ്ക്കെതിരായ പരാതിയിൽ നടപടി വൈകിപ്പിച്ച് തൃക്കരുവ ഗ്രാമ പഞ്ചായത്ത്. മണ്ണിട്ടു നികത്തിയെടുത്ത കായൽ ഭൂമിയെക്കുറിച്ച് പരാതിയിൽ സുചിപ്പിച്ചിരുന്നു. തുടർന്ന് വില്ലേജ് ഓഫീസിൽ നിന്ന് രേഖകൾ വരുന്ന മുറയ്ക്ക് നടപടി നിർദ്ദേശിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും നടപടിയായിട്ടില്ല. ഹോം സ്റ്റേ യുടെ പ്രവർത്തനം ലൈസൻസില്ലാതെയെന്ന് അഷ്ടമുടി ലൈവ് ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറായില്ലായിരുന്നു. തുടർന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ നോട്ടീസ് കൈമാറുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് പരാതിക്കാൻ.

09.09.2023 - ലെ അഷ്ടമുടി ലൈവ് വാർത്ത താഴെ വായിക്കാം

അഷ്ടമുടിയിലെ ആശിർവാദ് ഹോം സ്റ്റേ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ!, പ്രദേശത്ത് കായൽ കയ്യേറ്റം നടന്നിട്ടുള്ളതായി കാണിച്ച് പരാതി, തൃക്കരുവ ഗ്രാമ പഞ്ചായത്തിൻ്റെ നടപടി ദുരൂഹം

കായൽക്കയ്യേറ്റം നടന്നിട്ടുള്ളതായി കാണിച്ച് നൽകിയ പരാതിയിൽ പഞ്ചായത്തിൽ നിന്ന് ദുരൂഹ നടപടി. അഷ്ടമുടി ആശിർവാദ് റിസോർട്ടിൻ്റെ പ്രവർത്തനം തടയണമെന്നും കായൽക്കയ്യേറ്റം അന്വേഷിക്കണമെന്നും കാണിച്ച് സ്വകാര്യ വ്യക്തി നൽകിയ പരാതിയിലാണ് വിചിത്ര നടപടിയുമായി തൃക്കരുവ ഗ്രാമ പഞ്ചായത്ത് രംഗത്ത് എത്തിയത്. കായൽക്കയ്യേറ്റത്തെ സംബന്ധിച്ച് പരാതിയിൽ ആരോപണമുണ്ടെന്നിരിക്കെ ഈ വിഷയം പരിഗണിക്കാതെ ആശിർവാദ് ഹോം സ്റ്റേയ്ക്ക് ലൈസൻസില്ലെന്നും ഇത് എടുക്കണമെന്നും ആവശ്യപ്പെട്ട് സ്ഥാപനത്തിന് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകുകയായിരുന്നു. വില്ലേജ് ഓഫീസ് മുഖാന്തരം കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാമെന്നിരിക്കെ പരാതിയിലെ പരാമർശങ്ങളെ പാടെ അവഗണിച്ചാണ്  ലൈസൻസ് എടുക്കാൻ പഞ്ചായത്ത് രേഖാമൂലം സ്ഥാപന മേധാവികളെ അറിയിച്ചത്. സ്ഥാപനത്തിന് പ്രാദേശിക രാഷ്ട്രീയ സ്വാധീനവും ജില്ലാ നേതാക്കളുടെ പിൻബലവും ഉള്ളതായാണ് ഇത്തരം നടപടിയിലൂടെ വ്യക്തമാകുന്നത്.

അതേ സമയം, കൊല്ലത്തിനെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന പ്രകൃതിയുടെ വശ്യസൗന്ദര്യമായ അഷ്ടമുടിക്കായൽ അനുദിനം ഇല്ലാതായികൊണ്ടിരിക്കുകയാണ്. കേരളത്തിൽ വലിപ്പംകൊണ്ട് വേമ്പനാട്ടിന് പിന്നിലാണെങ്കിലും ആഴംകൊണ്ട് ഒന്നാമതാണ് അഷ്ടമുടി. 2002 ൽ അഷ്ടുമുടി കായലിനെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയത് അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലുമായിട്ടാണെങ്കിലും അതൊന്നും മനുഷ്യവർഗ്ഗം കേട്ട മട്ടില്ല. തേവള്ളിക്കായൽ , കണ്ടച്ചിറക്കായൽ, കുരീപ്പുഴക്കായൽ, തെക്കുംഭാഗം കായൽ, കല്ലടക്കായൽ, പെരുമൺ കായൽ, കുമ്പളത്തു കായൽ, കാഞ്ഞിരോട്ടു കായൽ എന്നിങ്ങനെ എട്ട് മുടികൾ ചേർന്ന അഷ്ടമുടിയുടെ കായൽ സൗന്ദര്യത്തെ മാലിന്യങ്ങളും അറുതിയില്ലാത്ത കയ്യേറ്റങ്ങളും ചേർന്ന് നശിപ്പിക്കുകയാണ്.

 62 ചതുരശ്ര കിലോ മീറ്ററായിരുന്നു അഷ്ടമുടി കായലിൻ്റെ യഥാർത്ഥ വിസ്തൃതി. എന്നാൽ ഇന്നത് 32 ലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാറ കെട്ടി തിരിച്ചു കൊണ്ട് കോൺക്രീറ്റ് മതിലുകൾ പണിത് ഈ സ്ഥലം മണ്ണിട്ട് നികത്തിയാണ് കായൽ കയ്യേറ്റം. കയ്യേറ്റത്തിനെതിരെ 3000ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. രുചിക്കു പേരുകേട്ട കരിമീന് പുറമേ കൂഴാലി, കണമ്പ്, പ്രാച്ചി, കക്ക, പൂല, ചൂട, താട, കൂരി, മുരിങ്ങ തുടങ്ങിയ അഷ്ടമുടിയുടെ മത്സ്യ സമ്പത്ത് ഓരോന്നായി ഇല്ലാതാവുകയാണ്. കാൽ നൂറ്റാണ്ടിനിടെ പത്തിനം മത്സ്യങ്ങൾ പൂർണ്ണമായും ഇവിടെ അപ്രത്യക്ഷമായി

Post a Comment

0 Comments