banner

കോണ്‍ഗ്രസ് മണ്ഡലം പുനസംഘടനയിൽ ഉടക്കിപ്പിരിയലും, ഗ്രൂപ്പുതര്‍ക്കവും രൂക്ഷം : ഒറ്റ ജില്ലയിലും പട്ടിക പൂര്‍ത്തിയായില്ല

തിരുവനന്തപുരം : കോണ്‍ഗ്രസ് മണ്ഡലം പുനസംഘടനയിൽ ഗ്രൂപ്പുതര്‍ക്കം രൂക്ഷമായതോടെ പല ജില്ലകളിലും മണ്ഡലം പ്രസിഡന്‍റുമാരെ നിശ്ചയിക്കാനായില്ല. ഇന്നലെയായിരുന്നു ഏറ്റവും ഒടുവിലത്തെ അവസാന തീയതി. ഒറ്റ ജില്ലയിലും പട്ടിക പൂര്‍ത്തിയായില്ല. ഡിസിസികളില്‍ പതിനൊന്നംഗ സമിതിയാണ് മണ്ഡലം പ്രസിഡന്‍റുമാരെ നിശ്ചയിക്കുന്നത്. ഇവിടെ തീരുമാനമാകാത്തത് കെപിസിസി ഉപസമിതിക്ക് വിടും.

ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ പക്ഷം പിടിമുറുക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണം. 71 പേരെയാണ് തര്‍ക്കങ്ങളില്ലാതെ തീരുമാനിച്ചത്. അതിലധികം മണ്ഡലങ്ങളില്‍ തര്‍ക്കവും. ഒന്നിച്ചിരിക്കാന്‍ പറ്റാത്തവിധം നേതാക്കള്‍ ഉടക്കിപിരിയുകയും ചെയ്തു. തിരുവനന്തപുരത്ത് 161 മണ്ഡലങ്ങള്‍ പൂര്‍ത്തിയായി. 21 ഇടങ്ങളിലാണ് തര്‍ക്കം. 

മലബാര്‍ ജില്ലകളിലും എ,ഐ ഗ്രൂപ്പ് തര്‍ക്കമുണ്ട്. കോഴിക്കോട് 12 മണ്ഡലങ്ങളില്‍ തീര്‍പ്പുണ്ടാക്കാനായിട്ടില്ല. മലപ്പുറത്ത് 110 മണ്ഡലം പ്രസിഡന്‍റുമാരുടെ പട്ടികയാണ് ഇതുവരെ തയ്യാറായത്. കണ്ണൂരില്‍ സുധാകര പക്ഷവും എറണാകുളത്ത് വിഡി സതീശന്‍ ഗ്രൂപ്പും പിടിമുറുക്കിയതില്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് മുറുമുറുപ്പുണ്ട്.

അതേസമയം, തീരുമാനം ഏകപക്ഷീയമാണെന്ന എംപിമാരുടെ പരാതി വന്നതോടെ തിരുവനന്തപുരം ജില്ലയിലെ പട്ടിക കെപിസിസി മരവിപ്പിച്ചു. അടുത്തയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പുനസംഘടനയാണ് മുഖ്യഅജണ്ട.

Post a Comment

0 Comments