മെറ്റയുടെ കീഴിലുള്ള രണ്ട് ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. ഇത്തവണ ഈ രണ്ട് അപ്ലിക്കേഷനുകള്‍ക്കും പേയ്ഡ് വേര്‍ഷനുകള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മെറ്റ.പരസ്യരഹിത സേവനങ്ങളാണ് പേയ്ഡ് വേര്‍ഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. എന്നാല്‍, പരസ്യങ്ങള്‍ ഇല്ലാതെ സേവനങ്ങള്‍ ആസ്വദിക്കണമെങ്കില്‍ പ്രതിമാസം നിശ്ചിത തുക അടയ്‌ക്കേണ്ടതുണ്ട്. നിലവില്‍, പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് നിരക്കുകള്‍ എത്രയെന്ന് മെറ്റ പുറത്തുവിട്ടിട്ടുണ്ട്.
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, യൂറോപ്പിലെ ഉപഭോക്താക്കള്‍ പരസ്യരഹിത സേവനങ്ങള്‍ ആസ്വദിക്കാന്‍ ഏകദേശം 14 ഡോളറാണ് (1,165 രൂപ) നല്‍കേണ്ടത്.ആദ്യ ഘട്ടത്തില്‍ യൂറോപ്യന്‍ വിപണികളിലാണ് നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. എന്നാല്‍, ഇന്ത്യ പോലുള്ള വിപണികളില്‍ ഇത് എപ്പോള്‍ അവതരിപ്പിക്കും എന്നതിനെക്കുറിച്ച് മെറ്റ ഇതുവരെ സൂചനകള്‍ നല്‍കിയിട്ടില്ല. സ്വകാര്യതാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യൂറോപ്പില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീസിന് അംഗീകാരം ലഭിച്ചാല്‍, സമീപഭാവിയില്‍ ഇവ ഇന്ത്യയിലും നടപ്പിലാക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളില്‍ പരസ്യങ്ങളില്ലാതെ ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം ആക്‌സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രതിമാസം 10.46 ഡോളറിന് തുല്യമായ ഏകദേശം 10 യൂറോ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കാനാണ് സാധ്യത. അധിക അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്ക് ഒരു അക്കൗണ്ടിന് ഏകദേശം 6 യൂറോ എന്ന കണക്കില്‍ അധിക നിരക്ക് നല്‍കേണ്ടി വന്നേക്കാം. മൊബൈല്‍ ഉപകരണ ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് പ്രതിമാസം ഏകദേശം 13 യൂറോ ആയി ഉയരും.
0 Comments