പൊതുജന ആരോഗ്യ സംവിധാനത്തിന് എത്രമാത്രം പ്രാധാന്യം നല്‍കി കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കും സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന് അനുമതി ലഭിച്ചത്. ആ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഇന്ന് ഹൃദയ ശസ്ത്രക്രിയകള്‍ നടക്കുന്നു എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ്. ആധുനിക ചികിത്സാരംഗത്ത് മികച്ച മുന്നേറ്റങ്ങളുമായാണ് എറണാകുളം ജനറല്‍ ആശുപത്രി മുന്നോട്ടുപോകുന്നത്. 24 മണിക്കൂറിനുള്ളില്‍ 25 ഹെര്‍ണിയ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി ശ്രദ്ധ നേടാന്‍ ആശുപത്രിക്ക് കഴിഞ്ഞു. വൃക്ക മാറ്റിവയ്‌ക്കുന്നതിനുള്ള ഔദ്യോഗിക അനുമതി നേടാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ദരിദ്രരില്‍ ദരിദ്രരായവരുടെ മുഖം കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുക എന്ന ഗാന്ധിജിയുടെ വാക്കുകള്‍ പോലെ ആ മുഖങ്ങള്‍ കണ്ടുകൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ തെളിവുകളാണ് ജനറല്‍ ആശുപത്രിയിലെ ഈ പ്രവര്‍ത്തനങ്ങള്‍. കളമശേരിയിലെ എറണാകുളം മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും കൊച്ചി കാന്‍സര്‍ സെന്ററും നിര്‍മ്മാണം പൂര്‍ത്തിയായി ഈ വര്‍ഷം തന്നെ നാടിന് സമര്‍പ്പിക്കും.
0 Comments