വാഷിംഗ്ടണ്‍ : ഖാലിസ്ഥാനി ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കാനഡയുമായി സഹകരിക്കണമെന്നത് ജോ ബൈഡൻ ഭരണകൂടം നിരവധി തവണ ഇന്ത്യൻ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതായി യു.എസ് ഭരണകൂടം. കഴിഞ്ഞയാഴ്ച വാഷിംഗ്ടണ്‍ ഡി.സിയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഇക്കാര്യം ഉന്നയിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ രണ്ടു രാജ്യങ്ങളുടെയും സഹകരണം ആവശ്യമായ വിഷയത്തില്‍ കാനഡയുടെ അന്വേഷണ നടപടികളുമായി സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ നിരവധി അവസരങ്ങള്‍ യു.എസ് ഭരണകൂടം വിനിയോഗിച്ചിട്ടുണ്ടെന്ന് മില്ലര്‍ പറഞ്ഞു. ഇനി ന്യൂഡല്‍ഹി വിഷയത്തില്‍ സംസാരിക്കട്ടെ എന്ന മറുപടിയായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കാനഡയുമായി അന്വേഷണത്തില്‍ സഹകരിക്കാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ടോ എന്ന പത്രസമ്മേളനത്തിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് മില്ലറിന്‍റെ മറുപടി.
കഴിഞ്ഞ ജൂണ്‍ 18ന് കാനഡയിലെ സറേയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ചാണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യൻ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടുത്തിടെ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണത്തില്‍ ശക്തമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. ഇത് ന്യൂഡല്‍ഹിയും ഒട്ടാവയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍വീഴ്ത്തി. കൂടാതെ പ്രധിഷേധമെന്നോണം കാനഡയിലേക്കുള്ള വിസ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ നടപടികളാണ് ഇന്ത്യ കൈക്കൊണ്ടത്.
സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച നിജ്ജാറിനെ കൊലപ്പെടുത്തിയത് “ഇന്ത്യൻ ഗവണ്‍മെന്റിന്റെ ഏജന്റുമാരാണ്” എന്ന് വിശ്വസിക്കാൻ കാനഡയുടെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കാരണമുണ്ടെന്ന് കനേഡിയൻ പാര്‍ലമെന്റിലെ ഒരു ചര്‍ച്ചയ്ക്കിടെ ട്രൂഡോ ആരോപിക്കുകയായിരുന്നു. ഇന്ത്യ ഈ അവകാശവാദങ്ങളെ പൂര്‍ണ്ണമായും നിരസിച്ചു. നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന അവകാശവാദത്തെ പിന്തുണയ്ക്കാൻ കാനഡ ഇതുവരെ ഒരു പൊതു തെളിവും നല്‍കിയിട്ടില്ലെന്ന് ഇന്ത്യൻ സര്‍ക്കാര്‍ പറഞ്ഞു.
0 Comments