കോട്ടയം : മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനില്‍കുമാര്‍. യുക്തിവാദ സംഘടനയായ എസ്സന്‍സിന്റ യോഗത്തില്‍ സി രവിചന്ദ്രന് നല്‍കിയ മറുപടിയെ വളച്ചൊടിച്ചാണ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയാണ് പ്രസംഗത്തെ ദുരുപയോഗിച്ചതെന്നും അഡ്വ. അനില്‍ കുമാര്‍ പറഞ്ഞു.
‘വേദിയില്‍ സി രവിചന്ദ്രന്റെ പ്രസംഗത്തിന് മറുപടിയായി മലപ്പുറത്തെ സ്ത്രീകളുടെ പട്ടിണി മാറ്റിയത് ആരാണെന്ന് ചോദിച്ചു. എസ്സന്‍സ് ആണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോയെന്ന്. മതത്തിലേക്ക് സ്ത്രീകളെ കൊണ്ടുപോകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നുവെന്നതാണ് രവിചന്ദ്രന്റെ ആക്ഷേപം. എന്നാല്‍ അവിടെ വിദ്യാഭ്യാസം നേടിയിട്ടുള്ള സ്ത്രീകള്‍ തട്ടമിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഘട്ടത്തില്‍, അവരുടെ തീരുമാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പങ്കുണ്ട്. അവരെ മതത്തിലേക്ക് തളച്ചിടാനല്ല, ജീവിതത്തിലേക്ക് ഉയര്‍ത്താനാണ് ശ്രമിച്ചത് എന്നായിരുന്നു പ്രസംഗം.’ അനില്‍ കുമാര്‍ വിശദീകരിച്ചു.
വേദിയില്‍ ആര്‍എസ്‌എസിനെതിരെയും മോദിക്കെതിരെയും പ്രസംഗിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയാണ് പ്രസംഗത്തെ ദുരുപയോഗം ചെയ്തത്. പ്രസംഗം കേട്ടവര്‍ക്ക് തെറ്റിദ്ധാരണയില്ലായെന്നും കെ അനില്‍കുമാര്‍ പറഞ്ഞു. പരാമര്‍ശത്തെ തള്ളിയ കെ ടി ജലീലിന്റെ പ്രതികരണത്തോടും അനില്‍കുമാര്‍ മറുപടി നല്‍കി. ആളുകള്‍ അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. മതത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരുല്‍സാഹപ്പെടുത്തുന്നില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നാണ് പറഞ്ഞത്. മതരഹിതമായ സമൂഹം പുരോഗമനപരമാണെന്ന് പറയുന്നില്ല. പട്ടിണി രഹിത സമൂഹമാണ് പുരോഗമനപരം. ഇതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം. അതിനര്‍ത്ഥം മതത്തിനെതിരെ പ്രസംഗിച്ചുവെന്നല്ല. പ്രസംഗത്തിലെ വാചകങ്ങള്‍ വളച്ചൊടിച്ചു. പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
0 Comments