തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം തള്ളി സുരേഷ് ഗോപി. കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നതെന്നും ഇഡി വന്നശേഷമല്ല ഞാനീ വിഷയം ഉയര്‍ത്തിയതെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. ‘മാവേലിക്കരയില്‍, മറ്റിടങ്ങളിലെല്ലാം സമരത്തിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ വിഷയത്തിലിടപെടുമെന്ന സൂചന നല്‍കി. ഒരു കൊല്ലം കഴിഞ്ഞാണ് പദയാത്ര നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമെന്ന് പറയുന്നവരോട് എന്ത് പറയാനാണെന്നും സുരേഷ് ഗോപി ചോദിച്ചു.
ഞാൻ പഴയ എസ്എഫ്‌ഐക്കാരനാണ്. അത് വിജയനും, നായനാര്‍ക്കും അറിയാം. പക്ഷേ ഗോവിന്ദനറിയില്ലെന്നായിരുന്നു കരുവന്നൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ ഇഡി വരുന്നത് സുരേഷ് ഗോപിയെ സഹായിക്കാനാണെന്ന ആരോപണത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. പദയാത്രയുടെ ചില വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പദയാത്രയ്ക്ക് ശരീരം പൂര്‍ണ്ണമായും വഴങ്ങിയിരുന്നില്ല. അതുമാത്രമാണ് ഉണ്ടായ അസ്വസ്ഥത’ മറ്റിടങ്ങളിലും പദയാത്രകള്‍ക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.
0 Comments