banner

നേരിട്ടത് ക്രൂരമായ ആക്രമണം!, കണ്ണിനും ശരീരത്തും നിരവധി ചതവുകളുണ്ട്, പ്രതികളെ പോലീസ് ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷ, അഷ്ടമുടി ലൈവിനോട് പ്രതികരിച്ച് ഷിബു കുര്യാക്കോസ് - VIDEO


അഞ്ചാലുംമൂട് : ക്രൂരമായ ആക്രമണമാണ് താൻ നേരിട്ടതെന്ന് അക്രമണത്തിനിരയാ ഷിബു കുര്യാക്കോസ് അഷ്ടമുടി ലൈവിനോട്. കണ്ണിനും ശരീരത്തും നിരവധി ചതവുകളുണ്ട്. ഇതുവരെയും തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. അക്രമത്തിന് ശേഷം ബോധം പോയ തനിക്ക് രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് കാര്യങ്ങൾ സംസാരിക്കാവുന്ന ഒരു അവസ്ഥയിലേക്ക് എത്തിപ്പെടാനായത്. പ്രതികളുമായി യാതൊരു മുൻ പരിചയങ്ങളില്ലെന്നും. പോലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും. ഉടൻ പ്രതികളെ അവർ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ഷിബു പറഞ്ഞു. 

കഴിഞ്ഞ 24 ന് രാത്രിയോടെയാണ് അഞ്ചാലുംമൂട് നടുങ്ങിയ അക്രമസംഭവം ലേക്ക് പാലസിൽ അരങ്ങേറിയത്. വൈകുന്നേരം ബാറിലെത്തിയ ചെറുപ്പക്കാർ വയോധികനായ ഓട്ടോ ഡ്രൈവറുമായി കയർക്കുകയും ബാറിലെ വില പിടിപ്പുള്ള സാധനങ്ങൾ തകർക്കുകയും ചെയ്തു. സാധാരണ നടപടിയെന്നോണം പ്രശ്നമറിഞ്ഞ മനേജർ ഷിബു കുര്യാക്കോസ് വിവരം പോലീസിനെ അറിയിക്കുകയും പോലീസ് വരുന്നത് വരെ ഇവരെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. 

പിന്നാലെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഇതിന് ശേഷം ഷിബു വീട്ടിലേക്കും മടങ്ങി. രാത്രിയോടെ ഒരു സംഘം ബാറിലെത്തി അക്രമം അഴിച്ചുവിടുന്നു എന്ന് ബാർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ബാറിലെത്തിയ ഷിബുവിനെ കൂട്ടം കൂടി വളഞ്ഞ് ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു പ്രതികളുടെ അക്രമണത്തിൽ ബോധം നഷ്ടപ്പെട്ട ഷിബുവിടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂക്കിലൂടെ രക്തം വരുന്നതിനെ തുടർന്ന് വിദഗ്ധ പരിചരണത്തിനായി മൈലാപ്പൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. 
നിലവിൽ പനയം ചെമ്മക്കാട് സ്വദേശി പ്രജീഷ്, അഷ്ടമുടി സ്വദേശി നിഥിൻ, അഷ്ടമുടി കുരുമ്പലമൂട് സ്വദേശി സുനീഷ്, വെള്ളിമൺ സ്വദേശി ജിഷ്ണു, ചാത്തിനാംകുളം സ്വദേശി അഖിൽ കുമാർ, അഷ്ടമുടി കുരുമ്പലമൂട് സ്വദേശി സുജീഷ് എന്നിവർക്കെതിരെയാണ് അഞ്ചാലുംമൂട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇവരെ പിടികൂടിയതിന് ശേഷം മാത്രമെ സംഘത്തിലുള്ള മറ്റുള്ളവരെ സംബന്ധിച്ചുള്ള അന്വേഷണം പോലീസിന് മുന്നോട്ടു കൊണ്ടുപോകാനാകൂ. പ്രതികളിൽ ചിലരെ ബാറിലെ അക്രമ സംഭവത്തിൽ പിടികൂടിയിട്ടും ജാമ്യത്തിൽ വിട്ടയച്ചത് രാഷ്ട്രീയ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

Post a Comment

0 Comments