തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാര്‍ മതനിരപേക്ഷ രാഷ്ട്രീയത്തിനായി നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്യുന്ന ജനനേതാവെന്ന് സിപിഎം നേതാവ് ഷിജുഖാന്‍.തട്ടം പരാമര്‍ശത്തിലാണ് ഷിജുഖാന്‍ കെ.അനില്‍കുമാറിന് പിന്തുണയുമായി രംഗത്ത് എത്തിയത്. ഇന്ത്യയില്‍ സംഘപരിവാര്‍ നിരന്തരം വേട്ടയാടുന്ന ന്യൂനപക്ഷ-ദളിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്ന ആളാണ് . ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന കൃത്യമായ വിശകലനമാണ് അദ്ദേഹത്തിന്റേത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ തുറന്നുകാട്ടുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. തിരുവനന്തപുരത്ത് നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗത്തെ വളച്ചൊടിച്ച് , കെ അനില്‍കുമാര്‍ മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന് വരുത്തേണ്ടത് വലതുപക്ഷത്തിന്‍റെ രാഷ്ട്രീയ ലക്ഷ്യമാണ്. ആ പ്രചരണത്തില്‍ നിഷ്കളങ്കരായ മനുഷ്യര്‍ വീണു പോവരുത്.
കെ.അനില്‍ കുമാറിന്റെ തിരുവനന്തപുരം പ്രസംഗം മുഴുവൻ കേള്‍ക്കണം. വീണ്ടും സംശയം വരുന്നെങ്കില്‍ കെ . അനില്‍ കുമാറിന്റെ വിശദീകരണം കേള്‍ക്കണം. കാര്യങ്ങള്‍ ബോധ്യപ്പെടാൻ അതു മതി. എന്നിട്ടും നിങ്ങള്‍ക്ക് വിയോജിക്കാനാണ് താത്പര്യമെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യവും ഇവിടെയുണ്ട്. എന്നാല്‍ കെ അനില്‍ കുമാറിനെ ഒറ്റതിരിഞ്ഞ് വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് കണ്ടുനില്‍ക്കാനുമാവില്ല.ഒരു പ്രസംഗത്തിന്‍റെ പേരില്‍ സ.എ.എൻ ഷംസീറിനെ ഹിന്ദു വിരുദ്ധനും മറ്റൊരു പ്രസംഗത്തിന്‍റെ പേരില്‍ സ.കെ അനില്‍ കുമാറിനെ മുസ്ലിം വിരുദ്ധനുമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമാണ്. അത് തിരിച്ചറിയണം.
0 Comments